കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിലെ കണ്ണികൾക്കായി ഇന്റർപോളിന്റെ സഹായം തേടാൻ അന്വേഷണസംഘം. പിടിയിലായ ഇടനിലക്കാരിയുമായി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്തും. ഇതു വഴി മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികൾ കേരളത്തിൽ ഉണ്ടോ എന്നന്വേഷിക്കാനാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് വേട്ടയിൽ ഇടനിലക്കാരിയെ പിടികൂടാനായെങ്കിലും കടത്തിന് പിന്നിലെ വൻസ്രാവുകൾക്കായുള്ള അന്വേഷണം തുടരുകയാണ്. 

25 കോടിയുടെ മയക്കുമരുന്ന് എത്തിച്ചത് ബ്രസീലീലെ സാവോ പോളോ കേന്ദ്രീകരിച്ചുളള രാജ്യാന്തര റാക്കറ്റെന്നെ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ഫിലിപൈൻ സ്വദേശി രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ശ്രമം. പരിശോധനയിൽ സാവോ പോളോയിൽ നിന്നുള്ള നിരവധി കോളുകൾ ഇവരുടെ ഫോണിൽ കണ്ടെത്തി. 

ഇടനിലക്കാരിക്ക് കൊച്ചിയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയതും ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത് നൽകിയതും ഒരാൾ തന്നെയാണെന്നാണ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനാനാണ് ആദ്യ ശ്രമം. അതു വഴി കേരളത്തിൽ രാജ്യാന്തര മയക്കുമരുന്നിന്റെ കണ്ണികളുണ്ടോ എന്ന് അറിയാനാണ് നീക്കം. സാവോ പോളോയിൽ നിന്നുള്ള ഫോൺവിളികളുടെ വിവരങ്ങൾ അവിടെയുള്ള ഇന്ത്യൻ കോൺസുലേറ്റ് വഴി തേടും. ഇതിനായി സിബിഐ വഴി ഇന്റർ പോളിന്റെ സഹായം തേടാനാണ് തീരുമാനം. 

മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളവർ കൊച്ചി യിൽ ഉണ്ടെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പിടിയിലായ ഫിലിപൈൻ സ്വദേശി ജൊഹാന റിമാന്റിലാണ്. ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നാർകോടിക് കൺട്രോൾ വിഭാഗം ഒരുങ്ങുന്നത്. ഫിലിപ്പൈൻ ഭാഷ മാത്രം വശമുള്ള ഇവരെ ചോദ്യം ചെയ്യാൻ ദ്വിഭാഷിയുടെ സഹായം തേടാനും നീക്കമുണ്ട്.