ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ വ്യത്യാസം വരുത്തിയാണോ കെട്ടിടം നിര്‍മിച്ചതെന്ന് പരിശോധിക്കുമെന്ന് കൊച്ചി മേയര്‍

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ഗോഡൗണിലുണ്ടായ തീപിടുത്തം തടയുന്നതില്‍ വെല്ലുവിളിയായി കെട്ടിടത്തിന്‍റെ നിര്‍മാണ രീതി. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ വ്യത്യാസം വരുത്തിയാണോ കെട്ടിടം നിര്‍മിച്ചതെന്ന് പരിശോധിക്കുമെന്ന് കൊച്ചി മേയര്‍ വിശദമാക്കി.

രാവിലെ പതിനൊന്ന് മണിയോടെയാണ് ആറുനില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്നത് ആകെ 28പേരാണെന്നും. ഇവരില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും കമ്പനി ജീവനക്കാർ പറഞ്ഞു. പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി.

നേവിയും ഭാരത് പെട്രോളിയം എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ശേഷമാണ് തീ കുറച്ചെങ്കിലും നിയന്ത്രണവിധേയമാക്കാനായത്. വൈദ്യുതി ഷോർട് സർക്യൂട്ടാണു തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.