കരാറുകാരുടെ കെടുകാര്യസ്ഥതത സംബന്ധിച്ച് ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലാത്തതിനാൽ അനുഭവിക്കുന്നത് പൊതുജനമാണ്. ഉയർന്ന നിലവാരത്തിൽ റോ‍ഡുപണിയാനുളള തീരുമാനം പിന്നീട് പലതവണയുണ്ടായെങ്കിലും ഭാവിയിൽ വരാനിടയുളള മെട്രോ നിർമാണത്തിന്‍റെ പേരിൽ എല്ലാം ഉപേക്ഷിച്ചു

കൊച്ചി: കൊച്ചി നഗരത്തെ കാക്കനാടുമായി ബന്ധിപ്പിക്കുന്ന, സിവിൽ ലൈൻ റോഡിന്റെ അറ്റകുറ്റപ്പണി അടുത്ത ആഴ്ച തുടങ്ങുമെന്ന് തൃക്കാക്കര എംഎൽഎ പിടി തോമസ്. എന്നാൽ മെട്രോ സംബന്ധിച്ച് തീരുമാനമായശേഷമേ പൂർണതോതിൽ ടാറിംങ് നടത്തൂ. 2017 ജനുവരിയിൽ ടാർ ചെയ്ത റോഡ് ഇക്കഴിഞ്ഞ വേനൽ മഴയോടെയാണ് ഇങ്ങനെ പൊട്ടിപൊളിഞ്ഞത്. അതായത് ലക്ഷങ്ങൾ മുടക്കി പണിത റോ‍ഡ് ഒന്നര വർഷം കൊണ്ടുതന്നെ തകർന്നു. 

കരാറുകാരുടെ കെടുകാര്യസ്ഥതത സംബന്ധിച്ച് ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലാത്തതിനാൽ അനുഭവിക്കുന്നത് പൊതുജനമാണ്. ഉയർന്ന നിലവാരത്തിൽ റോ‍ഡുപണിയാനുളള തീരുമാനം പിന്നീട് പലതവണയുണ്ടായെങ്കിലും ഭാവിയിൽ വരാനിടയുളള മെട്രോ നിർമാണത്തിന്‍റെ പേരിൽ എല്ലാം ഉപേക്ഷിച്ചു. സ്മാർട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കും സിവിൽ സ്റ്റേഷനിലേക്കമുളള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന ജനപ്രതിനിധികൾക്കെതി രെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

ഇതിനൊടുവിലാണ് അൻപത് ലക്ഷം രൂപ മുടക്കി താൽക്കാലിക അറ്റകുറ്റപ്പണിക്ക് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ടെൻഡർ ക്ഷണിച്ചെന്ന് പിടി തോമസ് എം എൽ എ അറിയിച്ചു. കോൺട്രാക്ടർമാരുടെ നിസഹകരണവും അറ്റകുറ്റപണിയ്ക്ക് ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവുമാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമായതെന്നാണ് വിശദീകരണം. എന്തായാലും എംഎൽഎയുടെ ഉറപ്പ് പാഴ്വാക്കാകുമോ എന്ന് കാത്തിരുന്ന് കാണാം.