കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി കടന്നു. പൊതുജനങ്ങൾക്കായി മെട്രോ തുറന്ന് കൊടുത്ത് ഒരുമാസം പിന്നിട്ടതോടെ കെഎംആർഎല്ലാണ് കണക്കുകൾ പുറത്ത് വിട്ടത്. വാട്ടർമെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഇന്ന് ധാരണാപത്രം ഒപ്പ് വയ്ക്കും.
പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് മെട്രോയക്ക് കൊച്ചി നൽകുന്നത്. നിരവധിയാളുകളാണ് ആദ്യ ദിവസങ്ങളിൽ തന്നെ മെട്രോയിൽ യാത്ര ചെയ്യാനായി സ്റ്റേഷനുകളിലേക്ക് ഒഴുകിയെത്തിയത്. മാസം അവസാനിച്ചപ്പോൾ വരുമാനം 46227594 രൂപ. മെട്രോ പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് നൽകിയെതെന്ന് കെഎംആർഎല്ലും സമ്മതിക്കുന്നു. 20000 മുതൽ 98000 വരെ യാത്രക്കാർ ഒരോ ദിവസവും മെട്രോയിൽ യാത്രചെയ്തു. ശരാശരി 47646പേർ. വാരാധ്യങ്ങളിലാണ് കൂടുതൽപേരും യാത്രചെയ്തത്. അതേസമയം വാട്ടർമെട്രോയ്ക്കാവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനായി കെഎംആർഎല്ലും ജിസിഡിഎയും ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. മറൈൻഡ്രവിലെ ബോട്ട്ജെട്ടിയാണ് വാട്ടർമെട്രോയ്ക്കായി വികസിപ്പിക്കുന്നത്. ടൂറിസം വികസനത്തിന് വാട്ടർമെട്രോ ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
