നിലവിൽ നഷ്ടത്തിലാണെങ്കിലും രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതോടെ കൊച്ചി മെട്രോ ലാഭത്തിലെത്തും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
കൊച്ചി: കേരളത്തിലെ പൊതു ഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റത്തിന് തുടക്കമിട്ട കൊച്ചി മെട്രോ ഈ മാസം പതിനേഴിന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. സർവ്വീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ മെട്രോയുടെ പ്രതിമാസ പ്രവർത്തന നഷ്ടം മൂന്നര കോടി രൂപയാണ്. കാക്കാനാടേക്കുള്ള രണ്ടാംഘട്ടം നടപ്പാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽകുതിച്ച് ചാട്ടം ഉണ്ടാക്കി പ്രവർത്തന ലാഭത്തിലെത്താമെന്നാണ് കെ.എം.ആർ.എലിന്‍റെ കണക്ക് കൂട്ടൽ.
2017 ജൂൺ പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമെട്രോ റെയിൽ സർവീസിന് കൊടി വീശിയപ്പോൾ തുടക്കമായാത് കേരളചരിത്രത്തിലെ ഒരു പുതിയ ഗതാഗത സംസ്കാരത്തിന് കൂടിയാണ് . ഇടുങ്ങിയ റോഡിൽ മണിക്കൂരുകൾ കാത്ത് കെട്ടിനിന്നുള്ള വിരസമായ യാത്രക്ക് പകരം പുതിയ വേഗവും സൗകര്യങ്ങളുമായിരുന്നു മെട്രോ മുന്നോട്ട് വെച്ചത്. ഏറെ പ്രതീക്ഷയോടെ സർവ്വീസ് തുടങ്ങിയ മെട്രോ ഒരുവർഷത്തിലെത്തി നിൽകുമ്പോൾ നഷ്ടത്തിന്‍റെ ബാലൻസ് ഷീറ്റാണ്.

ആലുവ മുതൽ പാലാരിവട്ടംവരെ സർവ്വീസ് തുടങ്ങിയ ആദ്യ ഘട്ടത്തിൽ പ്രതിദിനം യാത്രക്കാർ 25,000 ആയിരുന്നു. അന്ന് പ്രതിമാസ പ്രവർത്തന നഷ്ടം ആറ് കോടി. കലൂരിൽനിന്ന് മെട്രോ എം.ജി റോഡിലേക്ക് നീട്ടിയതോടെ യാത്രക്കാർ 40,000 ആയി ഉയർന്നു എങ്കിലും പ്രതിമാസ നഷ്ടം 3 കോടി അറുപത് ലക്ഷമായി തുടരുന്നു.
നിലവിൽ നഷ്ടത്തിലാണെങ്കിലും രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതോടെ കൊച്ചി മെട്രോ ലാഭത്തിലെത്തും എന്ന പ്രതീക്ഷയിലാണ് അധികൃതർ. രാജ്യത്തെ എല്ലാ മെട്രോയുടെയും വരുമാനം ആദ്യ വർഷങ്ങളിൽ വളരെ കുറവായിരുന്നുവെന്നാണ് മെട്രോ അധികൃതർ പറയുന്നത്. മാത്രമല്ല പ്രതിദിന നഷ്ടം കുറഞ്ഞു വരുന്നത് മെട്രോയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
12 ലക്ഷം രൂപ ടിക്കറ്റിലൂടെയും 12 ലക്ഷം ടിക്കറ്റ് ഇതരവരുമാനവുമടക്കം 24 ലക്ഷം രൂപയാണ് മെട്രോയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം. 519 സ്റ്റാഫുകൾക്ക് ശമ്പളവും മറ്റ് ചെലവുകളും കണക്കാക്കിയാൽ പ്രതിദിനം 12 ലക്ഷം രൂപയുടെ കുറവ് ഇനിയുമുണ്ട്. മഹാരാജാസ് സ്റ്റോപിൽ നിന്നും മെട്രോ തൃപ്പൂണിത്തുറ വരെയെത്തുന്നതോടെ പ്രവർത്തന ചെലവും വരുമാനവും ഒന്നിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.
കൊച്ചി മെട്രോ- ആദ്യഘട്ടം
ആദ്യഘട്ട ചെലവ് - 5500
ഫ്രഞ്ച് വായപ-1500
കാനറ ബാങ്ക്- 1170
കേന്ദ്ര- സംസ്ഥാനം-2730
പ്രതിദിന വരുമാനം
ടിക്കറ്റ് വിൽപനയിലൂടെ - 12 ലക്ഷം
ടിക്കറ്റ് ഇതര വരുമാനം- 12 ലക്ഷം
ആകെ യാത്രക്കാർ-
പ്രതിദിനം- 35, 000 - 40,000
