ഇടപ്പള്ളി വരെയുള്ള സ്‌റ്റേഷനുകളുടെ നിര്‍മാണം ഒരുവിധം പൂര്‍ത്തിയായെങ്കില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം ഒച്ചിഴയും വേഗത്തിലാണ്. പകുതി പൂര്‍ത്തിയായ മെട്രോ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ താത്പര്യമില്ല. കൃത്യമായി പണിപൂര്‍ത്തീകരിക്കും. മെട്രോയില്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്.

ആലുവയടക്കം 11 സ്‌റ്റേഷനുകളാണ് പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ സജ്ജമാക്കേണ്ടത്. പുളിഞ്ചോട്, കന്പനിപ്പടി, അന്പാട്ടുകാവ് സ്‌റ്റേഷനുകളുടെ നി!ര്‍മാണം അവസാനഘട്ടത്തിലാണ്. ലിഫ്റ്റുകള്‍ ക്രമീകരിച്ചു, എസ്‌കലേറ്റര്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ നാലാം സ്‌റ്റേഷനായ മുട്ടത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ല. കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം എന്നീ സ്‌റ്റേഷനുകളുടെ നിര്‍മാണവും സമയത്ത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ കളമശ്ശേരിയില്‍ പ്രവേശന വാതിലിന്റെ വരെ പണി പൂര്‍ത്തിയായി. എന്നാല്‍ ഇടപ്പള്ളിയിലേക്കെത്തുമ്പോള്‍ നിര്‍മാണം തഥൈവ. ഇടഭിത്തി പോലും കെട്ടിക്കഴിഞ്ഞിട്ടില്ല. ചങ്ങംപുഴ പാര്‍ക്കിലെ സ്‌റ്റേഷന്റെ വാര്‍ക്കപ്പണി കഴിഞ്ഞതേയുള്ളൂ.

പണിപൂര്‍ത്തിയാകാന്‍ സമയം എടുക്കും എന്ന് വ്യക്തമായതിനാലാണ് കെഎംആര്‍എല്‍ മെട്രോ ട്രാക്കിലാന്‍ വൈകും എന്ന സൂചന നല്‍കുന്നത്. പാലാരിവട്ടത്തെ സ്‌റ്റേഷനിലും പണി 60 ശതമാനത്തോളം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. പാലാരിവട്ടത്ത് മെട്രോ ഇറങ്ങുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കണ്ടെത്തിയ കെഎസ്ഇബിയുടെ ഭൂമി കൈമാറുന്നത് സംബന്ധിച്ചും ധാരണയായിട്ടില്ല.