കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് യാത്രാനുമതി. പ്രവര്‍ത്തനത്തിന് അനുമതി നല്‍കിക്കൊണ്ട് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ സാക്ഷ്യപത്രം കെഎംആര്‍എല്ലിന് കിട്ടി. കൊച്ചി മെട്രോയ്‌ക്ക് പ്രവര്‍ത്തനയോഗ്യമാണെന്ന സാക്ഷ്യപത്രമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെഎംആര്‍എല്ലിന് കൈമാറിയത്. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളായി നടത്തിയ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷമാണ് അനുമതി നല്‍കാനുള്ള തീരുമാനമെത്തുന്നത്.
സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ,റെയില്‍ പാളത്തിന്റെയും ബോഗികളുടെയും സുരക്ഷ, സിഗ്നല്‍ സംവിധാനങ്ങള്‍, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, കണ്‍ട്രോള്‍ സെന്ററിലെ സൗകര്യങ്ങള്‍, തുടങ്ങിയവയാണ് 5 അംഗ സുരക്ഷാസംഘം പരിശോധിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോ മീറ്റര്‍ വരുന്ന ആദ്യ ഘട്ടത്തില്‍ 11 സ്റ്റേഷനുകളുടെയും നിര്‍മ്മാണത്തില്‍ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയിരുന്നു.
കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും യാത്രക്കാര്‍ക്കുള്ള സേവന കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കണമെന്നും പരിശോധനാസമയത്ത് സുരക്ഷാകമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുകയാണ് കെഎംആര്‍എല്‍. യാത്രാനുമതി ആയതോടെ ജൂണ്‍ ആദ്യവാരത്തോടെ പ്രധാനമന്ത്രിയെ കൊച്ചിയില്‍ കൊണ്ടുവന്ന് സര്‍വീസ് തുടങ്ങാനാണ് ശ്രമം.
