എറണാകുളം: കൊച്ചി മെട്രോ പ്രവർത്തനം തുടങ്ങി ആറ് മാസം പിന്നിടുമ്പോഴും മെട്രോയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷൻ എന്ന വാഗ്ദാനം നടപ്പായില്ല. കെട്ടിടമുണ്ടെങ്കിലും പൊലീസുകാരെ നിയമിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. മെട്രോ പൊലീസ് സ്റ്റേഷൻ എത്രയും പെട്ടെന്ന് സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ എംഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ജൂണിൽ മെട്രോയുടെ ഉദ്ഘാടന സമയത്ത് തന്നെ മെട്രോയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷൻ തുറക്കാനും തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 2ന് മന്ത്രിസഭ ഇതിനുള്ള അംഗീകാരവും നൽകി. കുസാറ്റ് മെട്രോ സ്റ്റേഷന് സമീപം കെട്ടിടം കണ്ടെത്തി കെഎംആർഎൽ, പൊലീസ് സ്റ്റേഷന് വേണ്ടി നവീകരിക്കുകയും ചെയ്തു. എന്നാൽ പൊലീസുകാരെ നിയമിക്കാത്തതിനാൽ സ്റ്റേഷൻ ഉദ്ഘാടനം നീളുകയാണ്.
പ്രവർത്തനം തുടങ്ങി ആറ് മാസത്തിനിടെ മെട്രോ നിർമ്മാണ സാമഗ്രികളും തൂണുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകളും മോഷണം പോയി. കഴിഞ്ഞ ദിവസം മദ്യപിച്ച യാത്രക്കാരൻ ട്രാക്കിലിറങ്ങി സർവീസ് തടസ്സപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സുരക്ഷാപ്രാധാന്യമുള്ള മെട്രോയുമായി ബന്ധപ്പെട്ട കേസുകൾ ഗൗരവത്തോടെ കൈകാര്യം ചെയ്യനുള്ള പ്രത്യേക സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
എന്നാൽ അലംഭാവമില്ലെന്നും മെട്രോ സ്റ്റേഷനിലേക്ക് അനുയോജ്യരായ പൊലീസുകാരെ നിയമിക്കാനുള്ള നടപടികൾ തുടരുകയാണെന്നും പൊലീസ് പറയുന്നു. നിലവിൽ മെട്രോയിലെ സുരക്ഷയ്ക്കായി നൂറോളം പൊലീസുകാർ വിവിധ സ്റ്റേഷനുകളിലായുണ്ട്. എന്നാൽ ഏതെങ്കിലും മെട്രോ സ്റ്റേഷനിൽ കുറ്റകൃത്യം നടന്നാൽ അതത് ലോക്കൽ പൊലീസാണ് കേസെടുക്കുന്നത്. ഇതൊഴിവാക്കി മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാം കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക സ്റ്റേഷൻ വന്നാൽ കേസന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
