കൊച്ചി: കൊച്ചി മെട്രോയിലെ ഒന്നില്‍ കൂടുതല്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുന്നത്. മെട്രോയില്‍ അവശേഷിക്കുന്ന ദിശാ ബോര്‍ഡുകളുടെയും, സിസി ടിവിയുടെയും പ്രവർത്തനം ഇതിനായി പ്രവര്‍ത്തിച്ചു തുടങ്ങി.

ർകഴിഞ്ഞ ദിവസമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മീഷ്ണര്‍ യാത്ര സര്‍വീസ് തുടങ്ങുന്നതിനുള്ള അന്തിമ അനുമതി കെഎംആര്‍എല്ലിന് നല്‍കിയത്. അനുമതിയോടൊപ്പം ഗുണനിലവാര സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ മെട്രോ യാത്ര സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 13 കിലോമീറ്റര്‍ ദൂരമായിരുന്നു മെട്രോ റെയില്‍ ചീഫ് സേഫ്റ്റി കമ്മീഷ്ണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. പാളം, സിഗ്നല്‍, ടെലി കമ്യൂണിക്കേഷന്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍, ശുചിമുറി,സ്‌റ്റേഷനുകളും സംഘം പരിശോധന നടത്തിയിരുന്നു.

നിലവിലെ പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമാകുന്നതോടെ മെട്രോ എപ്പോള്‍ ഉദ്ഘാടനം ചെയ്യാം എന്നതിലേക്ക് കാര്യങ്ങള്‍ കടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യവും നോക്കിയായിരിക്കും മെട്രോ ഉദ്ഘാടന തീയതി തീരുമാനിക്കുക