കൊച്ചി: കൊച്ചി മെട്രോ സര്‍വീസിന് സാരഥ്യം വഹിക്കാന്‍ ഏഴ് മലയാളി സ്ത്രീകളും. 39 പേരാണ് ആദ്യഘടത്തില്‍ മെട്രോ ട്രെയിന്‍ ഓടിക്കാനൊരുങ്ങുന്നത്. പരിശീലനവും പരീക്ഷണ ഓട്ടവുമെല്ലാം പൂര്‍ത്തിയാക്കി കന്നി യാത്രയ്ക്ക് തയ്യാറെടുക്കുകയാണിവര്‍.

കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയുടെ അഭിമാനമായ വനിതാ സാരഥികളാണിവര്‍. പെരുന്പാവൂര്‍ സ്വദേശിനി വന്ദനയും കൊല്ലം സ്വദേശിനി ഗോപികയും. ഇവര്‍ക്ക് കൂട്ടായി അഞ്ച് മലയാളി വനിതകള്‍ കൂടിയുണ്ട് മെട്രോയെ ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്ക് നയിക്കാന്‍. ബെംഗലൂരുവില്‍ നിന്നാണ് മെട്രോ ട്രെയിന്‍ ഓടിക്കാനുള്ള പരീശീലനം ഇവര്‍ നേടിയത്.

തീവണ്ടി ഓടിക്കുന്നവരെ ലോക്കോ പൈലറ്റെന്ന് വിശേഷിപ്പിക്കുന്‌പോള്‍, മെട്രോ ഓടിക്കുന്നവരെ ട്രെയിന്‍ ഓപ്പറേറ്റര്‍ എന്നാണ് പറയുന്നത്. സ്റ്റിയറിംഗിന് പകരം വിമാനത്തിലേതിന് സമാനമായ ലിവര്‍ ഉപയോഗിച്ചാണ് മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്നത്.

ആദ്യഘട്ട മെട്രോ സര്‍വീസിനായി 39 ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണുള്ളത്. ഇവരെല്ലാം യാത്രക്കാരെ കയറ്റി കന്നി സര്‍വീസ് നടത്തിനായുള്ള അവസാനവട്ട പരീക്ഷണ ഓട്ടത്തിലാണ്.