കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ നിരക്കുകൾ പ്രഖ്യാപിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം. ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ ചേർന്ന കെഎംആർഎലിന്റെ 25–മത് ഡയറക്ടർ ബോർഡ് യോഗമാണ് നിരക്കുകൾ നിശ്ചയിച്ചത്.

20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് നിരക്കുകളുടെ ക്രമീകരണം.