അടുത്ത വർഷം പകുതിയോടെ നിർമ്മാണം ഡിഎംആർസി ഇല്ലാത്തത് വെല്ലുവിളി ചെലവ് 2577 കോടി രൂപ
കൊച്ചി:കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഡിഎംആര്‍സിയുടെ അഭാവമാകും കെഎംആര്‍എല്‍ നേരിടുന്ന വലിയ വെല്ലുവിളി. രണ്ടാംഘട്ട അടുത്ത ജൂണിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 2577 കോടി രൂപ ചെലവിൽ രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.അതും ഡിഎംആർസി വിദഗ്ദരുടെ സഹായം ഇല്ലാതെ.
രണ്ടാംഘട്ടത്തിൽ കെഎംആർഎല്‍ നേരിടേണ്ട ആദ്യ വെല്ലുവിളി സ്ഥലം ഏറ്റെടുപ്പാണ്. ഇടപ്പള്ളി, വാഴക്കാല, കാക്കനാട് മേഖലകളിൽ നിന്നായി ഏറ്റെടുക്കേണ്ടത് 2.86 ഹെക്ടർ സ്ഥലമാണ്. ഡിഎംആർസി പിൻമാറിയതോടെ കരാർ എറ്റെടുക്കാൻ കമ്പനികള്‍ തയ്യാറാകാതെ വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ രണ്ടാം ഘട്ടം നിര്‍മ്മാണത്തിന്‍റെ സാമൂഹ്യ പ്രത്യാഘാത പഠനം പുരോഗമിക്കുകയാണ്.എന്നാൽ ആശങ്കകൾക്ക് സ്ഥാനമില്ലെന്നാണ് കെംഎംആർഎൽ നിലപാട്. 2022 പകുതിയോടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന ശുഭപ്രതീക്ഷയും പങ്കുവെക്കുന്നു.
ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിനൊപ്പം കൊച്ചി മെട്രോയുടെ ലാഭം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും കെഎംആർഎല്ലിനുണ്ട്.ഫ്രഞ്ച് എജൻസിയുടെ ധനസഹായത്തോടെയാകും പദ്ധതി പൂർത്തിയാകുക.ഇതിന് പിന്നാലെ ആലുവ മുതൽ അങ്കമാലി വരെയുള്ള മൂന്നാം ഘട്ടം നിർമ്മാണത്തിനുള്ള നടപടികളും തുടങ്ങും.
