കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്ററിലാണ് പുതിയ പാത. ഉദ്ഘാടനത്തോടനുബന്ധിച്ച് മെട്രോയെ കൂടുതല്‍ ജനകീയമാക്കാനുള്ള പരിപാടികളും കെ.എം.ആര്‍.എല്‍ തുടങ്ങികഴിഞ്ഞു.

കൊച്ചിയിലെ നഗരവാസികള്‍ കാത്തിരുന്ന ആ അടുത്ത ഘട്ട സര്‍വ്വീസിന് നാളെയാണ് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നത്. രാവിലെ 10.30ന് നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലാണ് സര്‍വ്വീസിന് തുടക്കമാകുന്നത്. തുടര്‍ന്ന് മഹാരാജാസ് വെരയുള്ള അഞ്ച് കിലോമീറ്ററില്‍ ഇരുവരും സഞ്ചരിക്കും. അണ്ടര്‍ 17 ലോകകപ്പിന് മുമ്പ് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന കെഎംആര്‍എലിന്റെ വാഗ്ദാനവും ഇതോടെ നടപ്പിലാകുന്നു.

രണ്ടാംഘട്ടത്തില്‍ കൂടുതല്‍ യാത്രികരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനും കെഎംആര്‍എല്‍ ശ്രമം തുടങ്ങി. വയോജന ദിനത്തില്‍ നടന്ന മെട്രോ യാത്രയും ശ്രദ്ധേയമായി. തലനരച്ചവരുടെ യാത്രക്ക് ആശംസയേകാന്‍ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും എത്തി. ഉദ്ഘാടനദിനത്തില്‍ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി സജീവന്റെ നേതൃത്വത്തിലുള്ള കാര്‍ട്ടൂണ്‍ രചനയും യാത്രികരെ വരവേല്‍ക്കാനുണ്ടാകും.