കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ തുടങ്ങി. അല്പസമയം മുന്‍പ് ആലുവയില്‍ നിന്നാണ് സര്‍വീസ് ട്രയല്‍ തുടങ്ങിയത്. രാത്രി ഒമ്പതരയ്ക്ക് അവസാനിക്കുന്ന ട്രയലില്‍ 142 ട്രിപ്പുകളാകും ഉണ്ടാവുക. മെട്രോയിലെ അനൗണ്‍സ്‌മെന്റുകളും സിഗ്‌നല്‍ സംവിധാനവും അടക്കമുള്ള കാര്യങ്ങളുടെ കൃത്യതയാണ് ഇന്ന് പ്രധാനമായും പരിശോധിക്കുന്നത്. രണ്ടു ട്രാക്കുകളിലൂടെയും ഒരേ സമയം ട്രെയിന്‍ കടന്നുപോകും. ആകെ 9 ട്രെയിനുകള്‍ ഉണ്ടെങ്കിലും ഇന്നത്തെ സര്‍വീസ് ട്രയലില്‍ നാല് ട്രെയിനുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഘട്ടംഘട്ടമായി ഒമ്പത് ട്രെയിനുകളും ഉള്‍പ്പെടുത്തി സര്‍വീസ് ട്രയല്‍ നടത്തി എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. യാത്രക്കാരെ കയറ്റിയുള്ള സര്‍വീസ് ട്രയല്‍ പിന്നീട് നടത്തും.