കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് ചോദിച്ച് പെട്ടിരിക്കുകയാണ് കെഎംആര്‍എല്‍. ഇന്നലെയാണ് ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് ചോദിച്ച് കൊച്ചി മെട്രോ ഫെയ്സ്ബുക്കിൽ മത്സരം സംഘടിപ്പിച്ചത്. അതിന് നിബന്ധനകളും ഉണ്ടായിരുന്നു. അപ്പു, തൊപ്പി, കുട്ടൻ ഇജ്ജാതി പേരൊന്നും വേണ്ട. ഏറ്റവും ക്രിയേറ്റീവായി ചിന്തിച്ച് പേര് നിർദ്ദേശിക്കണം.
ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഉണര്‍ന്നു. ഏറ്റവും കൂടുതൽ ലൈക്ക് ആ പേരിന് കമന്റ് വായിക്കുന്നവർ നൽകുകയും വേണം. ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന മൂന്ന് പേരുകൾ ഇതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നയാൾക്ക് പ്രത്യേക സമ്മാനവും ലഭിക്കും. ഇതാണ് മത്സരം.
എന്നാല്‍ വന്‍ പണിയാണ് കെഎംആര്‍എല്ലിന് കിട്ടിയത് കിട്ടിയത്. കുമ്മനാന എന്നാണ് ലിജോ വർഗ്ഗീസ് ഇന്നലെ വൈകിട്ട് 5.14 ന് നിർദ്ദേിച്ച പേര്. ഒന്നിന് പുറകേ ഒന്നായി കമന്റിന് പിന്തുണ ലഭിക്കുകയും ചെയ്തു. ഇപ്പോൾ പോസ്റ്റിനേക്കാളേറെ ലൈക്ക് ലഭിച്ചിരിക്കുന്നതും ലിജോ നിർദ്ദേശിച്ച പേരിനാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പരിശോധിക്കുമ്പോള്‍ ലൈക്കുകളുടെ എണ്ണം 5000 കടന്നിട്ടുണ്ട്.
ജയന്ത് ജോസ് നിർദ്ദേശിച്ച അശ്വതി അച്ചുവാണ് ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപുറകിൽ കുമ്മൻ എന്ന പേര് നിർദ്ദേശിച്ച് മിലൻ തോമസുമുണ്ട്.
