ആദ്യവര്‍ഷം മോശമില്ല; വിടര്‍ന്ന് പറക്കാന്‍ കൊച്ചി മെട്രോ

കൊച്ചി: പ്രതിദിന യാത്രക്കാരുടെ എണ്ണം നാല്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കാനുള്ള പദ്ധതികളുമായി കൊച്ചി മെട്രോ. സര്‍വ്വീസ് നീട്ടിയും ഫീഡര്‍ ശൃംഖല ശക്തിപ്പെടുത്തിയും രണ്ട് കൊല്ലത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താമെന്നാണ് കെഎംആര്‍എല്ലിന്‍റെ കണക്കുകൂട്ടല്‍.

25 ലക്ഷം യാത്രക്കാരുമായി കുതിക്കുന്ന ദില്ലി മെട്രോയ്ക്ക് മുന്നില്‍ പ്രതിദിനം നാല്പതിനായിരം യാത്രക്കാരെന്ന കൊച്ചി മെട്രോയുടെ കണക്ക് ചെറുതാണെങ്കിലും ആദ്യകൊല്ലത്തെ സന്പാദ്യം മോശമല്ലെന്നാണ് വിലയിരുത്തല്‍. രണ്ട് കൊല്ലത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടത്താനാണ് പദ്ധതി. 

അടുത്ത കൊല്ലത്തോടെ മഹാരാജാസ് മുതല്‍ തൃപ്പൂണിത്തുറവരെ മെട്രോ നീട്ടും. അതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം അറുപതിനായിരമെത്തും. കാക്കനാടേക്കുള്ള മൂന്നാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ ലക്ഷം കടക്കുമെന്നും കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു.

മെട്രോയുടെ തുടക്കത്തില്‍ നിന്നും ഒടുക്കത്തില്‍ നിന്നും ഫീഡര്‍ സര്‍വ്വീസുകള്‍ ഫലപ്രദമായി നടത്തുന്നില്ലെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. ബസ്, ഓട്ടോ, ബോട്ട് തുടങ്ങിയ ഫീഡര്‍ ശൃംഘലകള്‍ ശക്തമാക്കാനും കെഎംആര്‍എല്‍ നീക്കം തുടങ്ങി. ഒപ്പം സ്ഥിരം യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പ്രതിമാസ ടിക്കറ്റു പദ്ധതിയും നടപ്പാക്കും.