ചൊവ്വാഴ്ച രാവിലെയാണ് പുല്ലേപ്പടി പറപ്പിള്ളി ജോണിന്‍റെ മകന്‍ റിസ്റ്റിയെ രാവിലെ നടുറോഡില്‍ വെച്ച് കൊലപ്പെടുത്തിയത്. ലഹരിക്കടിമയായ അയല്‍വാസി അജി ദേവസ്യയാണ് കടയില്‍ പോയി മടങ്ങിവരികയയാരുന്ന പത്ത് വയസുകാരനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കൊലയക്ക് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുകയാണ് പൊലീസിന്‍റെ പ്രധാന ലക്ഷ്യം. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം മൂലമാണ് കൊല നടത്തിയത് എന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ടൈല്‍സ് ജോലിക്കാരനാണ് അജി ദേവസ്യ. താന്‍ ലഹരിക്കടിമയാണ് എന്ന തരത്തില്‍ റിസ്റ്റിയുടെ പിതാവ് പലരോടും പറഞ്ഞതായി അജി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇത് മൂലം പലരും ജോലിക്ക് വിളിക്കാറില്ല. ഇതിന്‍റെ ദേഷ്യമാണ് കൊലക്ക് പിന്നിലെന്നാണ് അജിയുടെ മൊഴി. എന്നാല്‍ പൊലീസ് ഇത് മുഖവിലയക്ക് എടുത്തിട്ടില്ല. വളരെ നാളുകളായി ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകര്‍ഷതാ ബോധവുണ്ട്. കുടുംബത്തിലെ മറ്റുള്ളവരെല്ലാം നല്ല നിലയില്‍ എത്തിയപ്പോഴും തനിക്ക് ഒന്നുമാകാന്‍ കഴിഞ്ഞില്ലെന്ന ചിന്ത ഇയാള്‍ക്കുണ്ടായിരുന്നു. ലഹരിയിലേക്ക് നീങ്ങുന്നതുംഇതോടെയാണ്. മാത്രമല്ല സ്വന്തം കുടുംബത്തിലുള്ളവരുമായി അജി ഇതേ ചൊല്ലി കലഹിക്കുമായിരുന്നുവെന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്ത് സത്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലഹരി കിട്ടിയില്ലെങ്കില്‍ അക്രമാസക്തനാകുന്ന സ്വഭാവമാണ് ഇയാള്‍ക്കുള്ളതെന്ന് അയല്‍വാസികള്‍ പറയുന്നു. പക്ഷെ പൊലീസ് ലോക്കപ്പില്‍ ശാന്തനായാണ് അജി പെരുമാറുന്നത്. യാതൊരു മാനസിക അസ്വാസ്ഥ്യവും ഇയാള്‍ പ്രകടിപ്പിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.