കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി കായലിൽ തള്ളിയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മരിച്ചയാളുടെ രൂപ സാദൃശ്യമ്മുള്ള ആരെയും കാണാതായാതായി നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.നെട്ടൂർ കായലിൽ കണ്ട മൃതദേഹം മറ്റെവിടെ നിന്നെങ്കിലും ഒഴുകി വന്നതല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ഇക്കഴിഞ്ഞ എട്ടിനാണ് നെട്ടൂർ കായലിൽ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കായലിൽ തള്ളുകയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.എന്നാൽ മരിച്ചയാളാരെന്ന് തിരിച്ചറിയാൻ കഴിയാത്തത് പൊലീസ് അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയാണ്.കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

വായ പ്ലാസ്റ്റിക്ക് കൊണ്ട് മൂടിക്കെട്ടിയിരുന്നു.ഭാരമ്മുള്ള കോൺഗ്രീറ്റ് പാളി കൊണ്ടാണ് മൃതദേഹം കെട്ടിതാഴ്ത്തിയിരിക്കുന്നത്. ഇത് സമീപ പ്രദേശങ്ങളിൽ ഉള്ളതല്ലെന്ന് പൊലീസ് കണ്ടെത്തി.മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തി മൃതദേഹം വള്ളത്തിലോ മറ്റോ കൊണ്ട് വന്ന് ഇവിടെ താഴ്ത്തിയതാവാമെന്ന് പൊലീസ് നിഗമനം.മൃതദേഹത്തിനൊപ്പം ലഭിച്ച വസ്ത്രങ്ങൾ, കായലിൽ താഴ്ത്താൻ ഉപയോഗിച്ച ചാക്ക് എന്നിവയെക്കുറിച്ചെല്ലാം പൊലീസ് വിശദമായി അന്വേഷിച്ചു.ഇതിന്റെ ചിത്രങ്ങളും മരിച്ചയാളുടെ ലക്ഷണങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു.പൊതു ജനങ്ങളിൽ നിന്ന് ചിലർ വിവരങ്ങൾ നൽകിയെങ്കിലും ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണവും സഹായകരമായില്ല.സമീപ ദിവസങ്ങളിൽ ജില്ലയിൽ നിന്ന് അപ്രത്യക്ഷരായ യുവാക്കളെക്കുറിച്ച് അന്വേഷിച്ചെങ്കിലും അത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല.

ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാവാത്തതിനാൽ അന്വേഷണം വഴിമുട്ടുന്ന ഇത്തരം സാഹചര്യം അപൂർവമാണെന്ന് പൊലീസ് പറയുന്നു.ദുരഭിമാനത്തിന്റെ പേരിലോ മറ്റോ അടുത്ത ബന്ധുക്കൾ ആരെങ്കിലും യുവാവിനെ കൊലപ്പെടുത്തി വിവരം മറച്ച് വെക്കുകയാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.എറണാകുളം സൗത്ത് സി.ഐ യുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.മരിച്ചയാളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.