പൈതൃകം കഴിഞ്ഞ കാലത്തിന്റെ ചലനരഹിതമായ ചിന്തയല്ല, ക്രിയാത്മകമായ സമകാലീന യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്. ഈ കാഴ്ചപ്പാടിലൂന്നിയാണ് ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി മൂന്നാമത് കൊച്ചി ബിനാലേ ഒരുക്കുന്നത്. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31 വരെയാണ് കൊച്ചിയിലെ വിവിധ വേദികളിലായ ബിനാലെ അരങ്ങേറുക. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നായ നൂറിലേറെ കലാകാരന്മാരുടെ ഇന്‍സ്റ്റലേഷനുകള്‍ ബിനേലെയില്‍ ഇടംപിടിക്കും. കൊച്ചി ബിനാലേ സിഇഒ ആയി കഴിഞ്ഞ ദിവസം ചുമതലയേറ്റ മഞ്ജു സാറാ രാജന്റെ നേതൃത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

ചിത്ര, ശില്‍പകലകളില്‍ ഊന്നിയുള്ള പ്രദര്‍ശനങ്ങളോടൊപ്പം നാടകം, സംഗീതം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരുടെ പ്രകടനങ്ങളും ഇത്തവണത്തെ ബിനാലെയിലുണ്ടാകും. കേരളത്തില്‍ നിന്നുള്ള കലാകാരന്മാരും സാന്നിധ്യവും ഇത്തവണ പ്രകടമാണ്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ഹൗസാണ് ബിനാലേയുടെ പ്രധാന വേദി. ബിനാലേ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലും കാര്യമായ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ ഹോട്ടല്‍ മുറികളില്‍ ഭൂരിപക്ഷവും ബിനാലേക്കായി ബുക്ക് ചെയ്ത് കഴിഞ്ഞു.