പദ്ധതി നടപ്പാകുന്നതോടെ കൊച്ചിയിലെ കനാലുകളെല്ലാം ഗതാഗത യോഗ്യമാകും. കൂടാതെ വിനോദസഞ്ചാര മേഖലയിലും ഇത് ഗുണം ചെയ്യും

കൊച്ചി: കൊച്ചിയുടെ ട്രാഫിക് കുരുക്കഴിക്കാൻ പുതിയ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി). നഗരവുമായി ബന്ധപെട്ടു കിടക്കുന്ന കനാലുകൾ നവീകരിച്ചു ജലഗതാഗതം നടപ്പിലാക്കാനാണ് പദ്ധതി. ഇതിനായി നഗരത്തിലെ അഞ്ചു കനാലുകൾ നവീകരിക്കാനാണ് തീരുമാനം. ഇടപ്പളി കനാൽ, മാർക്കറ്റ്‌ കനാൽ, തേവര കനാൽ, തേവര - പേരണ്ടൂർ കനാൽ, ചിലവന്നൂർ കനാൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പദ്ധതി നടപ്പാകുന്നതോടെ കൊച്ചിയിലെ കനാലുകളെല്ലാം ഗതാഗത യോഗ്യമാകും. കൂടാതെ വിനോദസഞ്ചാര മേഖലയിലും ഇത് ഗുണം ചെയ്യും.കനലുകളുടെ സമീപപ്രദേശങ്ങളുടെ വികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുകയെന്നു കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ടോം ജോസ് പറഞ്ഞു. രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. 739.52 കോടി രൂപയാണ് കനാൽ നവീകരണത്തിനായി ആദ്യ ഘട്ടത്തിൽ ചിലവാകുക. കനലുകളുടെ നവീകരണത്തിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും മാലിന്യ നിർമാർജന സംവിധാനവും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. രണ്ടാം ഘട്ടത്തിൽ മറ്റു തടസങ്ങളെല്ലാം നീക്കി കനാലുകൾ പൂർണമായും ഗതാഗത യോഗ്യമാക്കും. നാലു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

1,413.45 കോടി ചെലവ് വരുന്ന നവീകരണ പദ്ധതിയിൽ 34.329 കിലോമീറ്റർ ദൂരം കനാലുകളാണ് വൃത്തിയാക്കുക. കനാലുകളുടെ നവീകരണത്തിനും തീരദേശ സംരക്ഷണത്തിനും കൂടി 7,983.23 കോടി രൂപ വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ ആരംഭത്തിനു കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കാനാണ് ഉദ്ദേശ്യം. ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിദേശ ഏജൻസികളുടെ സഹായം തേടാനും ആലോചനയുണ്ട്. പദ്ധതിയിൽ ലോക ബാങ്ക് താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.

കനാലുകൾ ഗതാഗത യോഗ്യമാക്കണമെങ്കിൽ ആഴം കൂട്ടുന്നതും വൃത്തിയാക്കുന്നതും കൂടാതെ വീതിയും കൂട്ടേണ്ടതുണ്ട്. ഇതിനായി കെട്ടിടങ്ങൾ പൊളിക്കേണ്ടതായി വരും. ഇവിടെ ഉള്ളവരെ മാറ്റിപാർപ്പിക്കുന്നതിനായി ഭവനം ഫൌണ്ടേഷൻ കേരളയുമായി ചേർന്നു ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ആലോചിക്കുന്നത്. എന്നാൽ കൊച്ചിയുടെ ഗതാഗതകുരുക്ക് പൂർണമായും ഒഴിവാക്കണമെങ്കിൽ നഗരമധ്യത്തിലൂടെ കടന്നു പോകുന്ന കാരണകോടം കനാൽ, പശ്ചിമകൊച്ചിയിലെ രാമേശ്വരം-കൽവത്തി കനാൽ എന്നിവ കൂടി പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്. കനാലുകൾ നന്നാക്കുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം ആകുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.