അടിയന്തിര സാഹചര്യം എന്ന നിലക്കാണ് കോര്‍പറേഷന്‍ നേവിയുടെ സഹായം തേടിയത്

കൊച്ചി: മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷം സര്‍വീസ് നിര്‍ത്തിവച്ച റോ റോ ജങ്കാര്‍ ഓടിക്കാന്‍ കൊച്ചി നഗരസഭ നേവിയുടെ സഹായം തേടുന്നു. പരിശീലനം കിട്ടിയ ഡ്രൈവര്‍മാര്‍ക്കു കപ്പല്‍ചാല്‍ മുറിച്ചു കടക്കാന്‍ ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് ഇങ്ങിനെ ഒരു ശ്രമം നടത്താന്‍ നഗരസഭ തീരുമാനിച്ചത്.

റോ റോ സര്‍വീസ് നടത്താനായി നഗരസഭയുമായി കരാര്‍ ഉണ്ടാക്കിയ കെഎസ്ഐഎന്‍സിയുവിന് ഇത്തരം ബോട്ടുകള്‍ ഓടിക്കുന്നതില്‍ പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും കപ്പല്‍ചാല്‍ മുറിച്ചു കടക്കാന്‍ ധൈര്യമില്ല. പുറമെനിന്ന് പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെ കിട്ടുമോ എന്ന പരിശോധനയിലാണ് കെഎസ്ഐഎന്‍സിയു.

ഇതിനിടെ അടിയന്തിര സാഹചര്യം എന്ന നിലക്കാണ് കോര്‍പറേഷന്‍ നേവിയുടെ സഹായം തേടിയത്. നേവിയുടെ സാങ്കേതിക വിദഗ്ധര്‍ ബോട്ട് പരിശോധിച്ച ശേഷം വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചതായി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.പശ്ചിമ കൊച്ചിയിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു വിരാമമിടുന്നതിനാണ് റോ റോ സര്‍വീസ് അവതരിപ്പിച്ചത്. ബസ്സില്‍ 40 മിനിറ്റ് എടുക്കുന്ന യാത്ര റോ റോ ബോട്ടില്‍ മൂന്നു മിനിറ്റ് മാത്രമാണ് എടുക്കുക.

എന്നാല്‍ കപ്പല്‍ചാല്‍ മുറിച്ചു ബോട്ട് സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു സര്‍വീസ് നിര്‍ത്തേണ്ടതായി വന്നു. എന്നാല്‍ ഇത് നഗരസഭയെ അറിയിച്ചില്ലായിരുന്നെന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടു കണക്കിലെടുത്താണ് ഒരു അടിയന്തിര നടപടി എന്ന നിലയില്‍ നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചതെന്നും മേയര്‍ പറഞ്ഞു.