ഹൈക്കോടതി സംഗിൾ ‍ബെഞ്ച് പരാമര്‍ശം മാനഹാനി ഉണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസിന് പരാതി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് ചിറ്റിലപ്പള്ളി


കൊച്ചി: പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങൾ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാർശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്.സിംഗിള്‍ബഞ്ച് പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ് ജസ്ററിസിന് കത്തയച്ചു. തന്‍റെ സ്ഥാപനത്തിൻ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാൾക്ക് ചികിത്സാചിലവിന്‍റെ 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നു.

പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവർത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയന്നു .കത്തിന്‍റെ പകർപ്പ് സുപ്രീംകോടതി ചീഫ് ജസ്ററിസിനും അയച്ചിട്ടുണ്ട്

വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക് റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചു. 

ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്‍റെ സ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്. അപകടത്തിൽ പരിക്കേറ്റ വിജേഷ് വിജയൻ നഷ്ടപരിഹാരം തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം.

അപകടമുണ്ടായതിന് ശേഷം പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ വിജേഷിന് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമായിരുന്നെന്നാണ് കൊച്ചി മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അപകടം നടന്ന ഉടനെ വിജേഷിനെ വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. ആദ്യം 50000 രൂപ തന്ന വീഗാലാന്‍ഡ് അധികൃതര്‍ തുടര്‍ ചികിത്സയ്ക്ക് യാതൊരു സഹായവും നൽകിയില്ലെന്നും ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും വിജേഷ് പറയുന്നു.