കൊച്ചി: മലപ്പുറത്തെ കുപ്രസിദ്ധ കുഴൽപ്പണ ഇടപാടുകാരൻ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികളിൽ ചിലർ തന്നെ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചില പ്രതികൾ അറസ്റ്റിലായെങ്കിലും അരുണിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 31നാണ് കോടാലി ശ്രീധരന്റെ മകൻ 32 വയസുളള അരുണിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഭവത്തിന് പിന്നിൽ. ശ്രീധരന്‍ താമസിച്ചിരുന്ന കുടമുണ്ടയിലെ വീട്ടിലെത്തിയ എട്ടംഗസംഘം മകനെ ബലമായി പിടിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. കണ്ണുകെട്ടി വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ കോടാലി ശ്രീധരന്റെ ആളുകൾ തന്നെയാണ് പൊലീസിന് കൈമാറിയത് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.

കൊടുവള്ളി സ്വദേശി മുസ്തഫ,തോട്ടുങ്കര സ്വദേശി അബ്ദുള്‍ റഫീഖ്,കോടമംഗലം സ്വദേശി സിബി ചന്ദ്രന്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. അരുണിനെ മൈസൂരിലെത്തിച്ചശേഷം കോടാലി ശ്രീധരനുമായി വൈരാഗ്യമുളള മറ്റൊരു സംഘത്തിന് കൈമാറിയെന്നാണ് സൂചന. കോതമംഗലത്തെ ചില ലോഡ്ജുകളിലും അറസ്റ്റിലായ പ്രതികൾ നേരത്തെ ഒളിവിൽ താമസിച്ചിരുന്നു.