അന്താരാഷ്ട്ര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മുസ്‌കാനെ (23) ഹരിയാനയിലെ റോഹ്തക്കിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് തലേദിവസം സോഷ്യൽ മീഡിയയിൽ റീൽസ് പങ്കുവെച്ചിരുന്ന മുസ്‌കാന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
റോഹ്തക്: ഹരിയാനയിലെ റോഹ്തക്കിൽ അന്താരാഷ്ട്ര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മുസ്‌കാൻ ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മഹാം മേഖലയിലെ ഫർമാന ഗ്രാമവാസിയായ മുസ്‌കാനും ഷീലു ബൽഹാരയും തമ്മിലുള്ള വിവാഹം 2023 ഡിസംബറിലാണ് കഴിഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ ഇവർക്ക് ഹാർദിക് എന്ന മകൻ പിറന്നിരുന്നു.
മരണത്തിന് തൊട്ടുതലേദിവസം മുസ്‌കാൻ പഞ്ചാബി ഗാനം പശ്ചാത്തലമാക്കി ചിത്രീകരിച്ച റീൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ചേർന്ന് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അസ്വാഭാവികതയുണ്ടോയെന്നും ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്നും കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


