കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനകാരൻ ഓം ബഹദൂരിനെ കൊലപെടുത്തിയ കേസിൽ പ്രതികളിലൊരാളുമായി പൊലീസ് എസ്റ്റേറ്റിലെത്തി തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്.
നീലഗിരി എസ്‍പി മുരളീ രംഭയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിലായ നാല് പ്രതികളിലൊരാളുമായി തെളിവെടുപ്പ് പൂർത്തിയാക്കിയത്. പ്രതികൾ ഓം ബഹദൂറിനെ കൊലപെടുത്തിയ 10 ആം നമ്പർ ഗേറ്റ്, മോഷണം നടന്ന ബംഗ്ലാവ് എന്നിവിടങ്ങളിൽ അന്വേഷണ സംഘം എത്തി. എങ്ങിനെയാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം 900 ഏക്കർ വരുന്നതാണ് കോടനാട് എസ്റ്റേറ്റ്. 12 വലിയ ഗേറ്റുകളുടക്കം 20 ഗേറ്റുകൾ ഇവിടെയുണ്ട്. 1500 നടുത്ത് ജീവനക്കാരാണ് എസ്റ്റേറ്റിലുള്ളത്. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശി ഓം ബഹദൂറിന്‍റെ ബന്ധു ബാൽ ബഹദൂർ നാലാം ഗേറ്റിൽ ഇപ്പോഴും ജോലി നോക്കുന്നു. എന്നാൽ മരണം സംബന്ധിച്ച് പ്രതികരിക്കാൻ തന്നെ ഇവർക്ക് ഭയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ടീം സമീപിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. മാനേജരടക്കമുള്ള മറ്റ് ജീവനക്കാരും എസ്റ്റേറ്റിലുണ്ടെങ്കിലും കൊലപാതകത്തെകുറിച്ചോ പുറത്ത് നടക്കുന്ന വിവാദങ്ങളെ കുറിച്ചോ ഇവർ പ്രതികരിക്കാൻ തയ്യാറായില്ല. ജയലളിതയുടെ മരണശേഷവും വളരെ മികച്ച രീതിയിലാണ് കോടനാട് എസ്റ്റേറ്റിന്‍റെ പ്രവർത്തനം. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കൂനൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കേസിലെ 5 പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഏറെ അഭ്യൂഹങ്ങളുയുരമ്പോഴും. കനകരാജ് മരിച്ചതിനും സയൺ അപകടത്തിൽപ്പെട്ടതിനും ദുരൂഹതയില്ലെന്നുമാണ് തമിഴ്നാട് പൊലീസ് നിലപാട് . അതേസമയം കോടനാട് എസ്റ്റേറ്റിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുന്ന വാഹനങ്ങൾ വരെ സംശയ ദൃഷ്ടിയോടെയാണ് പൊലീസ് കാണുന്നത്.
