പാലക്കാട്: കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി കേരള പോലീസ് രേഖപ്പെടുത്തി. ഉറങ്ങിപോയതാണ് കണ്ണാടിയിലെ അപകടത്തിന് കാരണമെന്നാണ് സയന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്‌ക്ക് പോലീസ് വീണ്ടും മൊഴി രേഖപ്പെടുത്തും. കോടനാട് കവര്‍ച്ചാക്കേസിലെയും കൊലപാതക കേസിലെയും രണ്ടാം പ്രതി സയന്‍ ചികിത്സയില്‍ കഴിയുന്ന കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് മൊ‍ഴിയെടുത്തത്.

ഒന്നും ഓര്‍മ്മയില്ലെന്നും ബോധം വന്നപ്പോള്‍ ആശുപത്രിയിലായിരുന്നെന്നും സയന്‍ പോലീസിനോട് പറഞ്ഞു. ഒന്നാം പ്രതി കനകരാജ് മരിച്ചതറിഞ്ഞ് ഭയം മൂലം പഴനി ക്ഷേത്രദര്‍ശനം ക‍ഴിഞ്ഞ് ഇരിങ്ങാലക്കുടയക്ക് പോവുമ്പോഴായിരുന്നു അപകടം. കുടുംബത്തെ ഇരിങ്ങാലക്കുടയിലെത്തിച്ച് വിദേശത്ത് എവിടേക്കെങ്കിലും രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും സയന്‍ പോലീസിനേട് പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്‌ക്ക് പോലീസ് വീണ്ടും മൊഴി രേഖപ്പെടുത്തും. ഏപ്രില്‍ 29നാണ് പാലക്കാട് കണ്ണാടിയില്‍ വെച്ച് കോടനാട് കേസിലെ രണ്ടാം പ്രതി സയാനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്.

ഭാര്യ വിനു പ്രിയയും മകള്‍ നിതുവും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. എന്നാല്‍ ഇരുവരുടെയും മരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടo റിപ്പോര്‍ട്ട്. ഒന്നാം പ്രതി കനകരാജ് മരിച്ചതിനാല്‍ സയാന്റെ മൊഴി നിര്‍ണായകമാണ്. അതിനാല്‍, തമിഴ്നാട് പോലീസും വൈകാതെ സയാനെ ചോദ്യം ചെയ്യും. ഇന്നലെ അറസ്റ്റ് ചെയ്ത മനോജിനെ കോത്തഗിരി കോടതി 14 ദിവസത്തേക്ക് ജഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.