ചെന്നൈ: തമിഴ്നാട് അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കൊലപാതക, കവര്‍ച്ചാ കേസുകളിലെ മുഖ്യപ്രതി സയന് ജാമ്യം. എല്ലാ ദിവസവും രീവിലെ 10.30 ന് ഷോളൂര്‍ മട്ടം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം ലഭിച്ചത്. നീലഗിരി ജില്ലയിലെ കോത്തഗിരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എസ്റ്റേറ്റ് ബംഗ്ലാവില്‍ കവര്‍ച്ചയ്ക്കെത്തിയ സയന്‍ തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലുകയും മറ്റൊരു ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. 2017 ഏപ്രില്‍ 24 നായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയായ കനകരാജ് വാഹനാപകടത്തെ തുടര്‍ന്ന് ഏപ്രില്‍ 28ന് മരിച്ചിരുന്നു. ഇയാള്‍ ഒഴികെ ബാക്കിയുള്ള 10 പ്രതികളും മലയാളികളാണ്.
കനകരാജിന് അപകടമുണ്ടായതിന് അടുത്ത ദിവസം ഏപ്രില്‍ 29ന് പാലക്കാട് വച്ച് സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഈ അപകടത്തില്‍ സയന്‍റെ ഭാര്യയും കുഞ്ഞും മരിക്കുകയും സയന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
