കൊല്ലം: യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ട്രെയിന്‍ യാത്ര നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. രാവിലെ കൊല്ലത്ത് നിന്ന് പുറപ്പെട്ട മെമുവിലാണ് കൊടിക്കുന്നില്‍ സുരേഷ് യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ചത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ റെയില്‍വേ അവഗണിക്കുകയാണെന്നും ഇതിനൊരു പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും എംപി പറ‍ഞ്ഞു

കൊല്ലം എറണാകുളം മെമുവില്‍ പതിവില്ലാതെ എംപിയെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അദ്ഭുതം. പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനാണ് യാത്രയെന്നറിഞ്ഞപ്പോള്‍ സന്തോഷം. പിന്നെ ഓരോരുത്തായി ബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ചു. എല്ലാവരോടും ചോദിച്ചും ആവശ്യങ്ങള്‍ എംപി കുറിച്ചെടുത്തു. 

കൊല്ലം മുതല്‍ ചങ്ങനാശ്ശേരി വരെയാണ് കൊടിക്കുന്നില്‍ സുരേഷ് മെമുവില്‍ യാത്ര ചെയ്തത്. മെമുവിലെ യാത്ര ആദ്യമെന്ന് എംപി പറഞ്ഞു. യാത്രക്കാരുടെ പ്രശ്നങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹരിക്കുമെന്ന ഉറപ്പും നല്‍കിയാണ് കൊടിക്കുന്നില്‍ സുരേഷ് യാത്ര അവസാനിപ്പിച്ചത്.