കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറ്, ജില്ലാ സെക്രട്ടറിക്ക് നേരെയുള്ള വധശ്രമമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത് മുന്നണി കോഴിക്കോട് ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. നാളെ ബിഎംഎസും ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കുറ്റ്യാടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസില്‍ തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെയാണ് ബോംബേറ് ഉണ്ടായത്.രണ്ട് ബോംബുകള്‍ തുടരെ എറിഞ്ഞെന്നും അതില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പി മോഹനന്‍ പറഞ്ഞു .പൊട്ടാത്ത സ്റ്റീല്‍ ബോംബ് ഓഫീസ് പരിസരത്ത് നിന്ന് പോലീസ് കണ്ടെടുത്തു.ബോംബേറില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവത്തെ അപലപിച്ച കോടിയേരി സംഘപരിവാറിന്‍റെ ഉന്നം ജില്ലാസെക്രട്ടറിയായിരുന്നുവെന്നും പറഞ്ഞു.

എന്നാല്‍ ആരോപണം ബിജെപി സംസ്ഥാന നേതൃത്വം തള്ളി. കാനം രാജേന്ദ്രനും മന്ത്രി മാത്യു ടി തോമസുമടക്കമുള്ള നേതാക്കള്‍ ജില്ലാകമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സംഘപരിവാര്‍ ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ച് 5 മണ്ഡലങ്ങളില്‍ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ വടകരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ നടത്തിയ കല്ലേറില്‍ 3 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇടത് മുന്നണി പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ക്യാമറ അക്രമികള്‍ തകര്‍ത്തു.ജില്ലാകമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ബിഎംഎസ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപി പിന്തുണയോടെ നടക്കുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് 6 വരെയാണ്.