പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്നും നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അത്തരമൊരു ചരിത്രം പാര്‍ട്ടിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.ശശിക്കെതിരായ ലൈംഗീകാരോപണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുസംബന്ധിച്ച പരാതി മൂന്നാഴ്ച്ച മുന്‍പു തന്നെ സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിരുന്നുവെന്നും ഇതില്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു

പി.കെ.ശശിക്കെതിരായി മൂന്നാഴ്ച്ച മുന്‍പ് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ സംസ്ഥാന ഘടകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരാതി പൊലീസിന് കൈമാറുമോ എന്ന ചോദ്യത്തിന് പൊലീസിന് കൊടുക്കേണ്ട വിഷയമല്ല പരാതിയില്‍ ഉള്ളതെന്നും ഉണ്ടെങ്കില്‍ അവര്‍ അത് നേരിട്ട് പൊലീസിന് കൈമാറുമായിരുന്നുവെന്നും കൊടിയേരി പറഞ്ഞു. 

പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്നും നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അത്തരമൊരു ചരിത്രം പാര്‍ട്ടിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. പരാതിയില്‍ സംസ്ഥാനഘടകം സ്വീകരിക്കുന്ന നടപടിയെന്താണെന്ന് വ്യക്തമാക്കാന്‍ കൊടിയേരി തയ്യാറായില്ല. 

എന്നാല്‍ അന്വേഷണകമ്മീഷനെ നിയമിക്കാന്‍ കേന്ദ്രം നേതൃത്വം നിര്‍ദേശിച്ചെന്ന വാര്‍ത്ത അദ്ദേഹം തള്ളി. ഫലത്തില്‍ കേന്ദ്രനേതൃ-ത്വത്തിന്‍റെ ഇടപെടലും മേല്‍നോട്ടവും ഒഴിവാക്കി സംസ്ഥാന നേതൃത്വം നേരിട്ട് പരാതി കൈകാര്യം ചെയ്യുന്നുവെന്നാണ് കോടിയേരിയുടെ പ്രതികരണത്തോടെ വ്യക്തമാക്കുന്നത്. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഡിവൈഎഫ്ഐ നേതാക്കള്‍ എകെജി സെന്‍ററിലെത്തി കോടിയേരിയെ കണ്ടിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.