തിരുവന്തപുരം: ​ ബിജെപി നേതവ് എം എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ പ്രസ്​താവന വെല്ലുവിളിയായി കാണുന്നുവെന്നും ചെഗുവരേയുടെ കൂടുതൽ ചിത്രങ്ങൾ സ്ഥാപിക്കുമെന്നും കമലിനെതിരായ ബി.ജെ.പി പരാമർശം അടിയന്തരാവസ്​ഥയുടെ ശബ്​ദമാണെന്നും കോടിയേരി പറഞ്ഞു.

വി എസ്​ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണ്​ സംസ്​ഥാന കമ്മിറ്റി ചെയ്​തത്​. ഇത്​ എല്ലാ അംഗങ്ങൾക്കും ബാധകമാണ്​. വി.എസിന്​ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംസ്​ഥാന കമ്മിറ്റിയിൽ പറയാം. ഐഎഎസ്​ പ്രശ്​നത്തെ കുറിച്ചു​ള്ള ചോദ്യത്തിന്​ വ്യക്​തിപരമായ പ്രശ്​നങ്ങളിൽ സർക്കാറിന്​ ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

സഹകരണ ബാങ്കിങ്​ ​മേഖലയിൽ കടുത്ത പ്രതിസന്ധിയാണ്​ നിലനിൽക്കുന്നതെന്നും പറഞ്ഞ കോടിയേരി സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്ക്​ മാറ്റാനുളള ശ്രമമാണ്​ ഇപ്പോൾ നടക്കുന്നതെന്നും കുറ്റപ്പെടുത്തി. പണം പിൻവലിക്കലിന്​ ബാങ്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സി പി എം പ്രക്ഷോഭം നടത്തും. നോട്ട്​ പിൻവലിക്കൽ മൂലം വിവിധ ജനവിഭാഗങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടായാതായും അദ്ദേഹം പറഞ്ഞു. പട്ടികജാതി–പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഭവന പദ്ധതികൾ സ്​തംഭനാവസ്​ഥയിലായെന്നും ഇതിനെതിരെ ഇവരെ സംഘടിപ്പിച്ച്​ സി.പി.എം പ്രക്ഷോഭം നടത്തും.