എസ്.പി.ഡി.പിഐയുടെ ശൈലി താലിബാനിന്‍റേത്  

ഇടുക്കി: ഐഎസ് തീവ്രവാദികളുടെ ഇന്ത്യയിലെ മുഖമാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. താലിബാന്‍ ശൈലിയിലുള്ള ആക്രമാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും ആര്‍.എസ്.എസും എസ്.ഡി.പി.ഐ യും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാലയ രാഷ്ട്രീയത്തിന്റെ ചോരക്കളിയില്‍ ജീവന്‍ നഷ്ടപ്പെട്ട അഭിമന്യുവിന്റെ വീടിന് തറക്കല്ലിടല്‍ ചടങ്ങിനെത്തിയതായിരുന്നു കോടിയേരി.

ആര്‍എസ്എസും എസ്ഡിപിഐയും നാടിന്റെ ശാപമാണ്. രണ്ടു സംഘടനകളും ഇരട്ട പെറ്റ മക്കളാണ്. കൊല നടത്തിയാണ് രണ്ടു കൂട്ടരും സന്തോഷിക്കുന്നത്. കേരളത്തില്‍ 217 പേരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയിട്ടുള്ളത്. 33 എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ പല ഭാഗത്തു നിന്നുമെത്തിയ വിദഗ്ദരായ കൊലയാളികളെത്തിച്ചാണ് കൃത്യം നടത്തിയിട്ടുള്ളത്. അതിസമര്‍ത്ഥനും ഭാവിയുടെ വാഗ്ദാനവുമായ ഒരു വിദ്യാര്‍ത്ഥികളെയാണ് ഇല്ലാതാക്കിയത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ഭയപ്പെടുത്തി എസ്എഫ്ഐയെ ഇല്ലാതാക്കാം എന്നാണ് ഇവര്‍ കരുതുന്നത്. 

എന്നാല്‍ പാര്‍ട്ടിയെ ഇല്ലാതാക്കിക്കളയാമെന്നത് ഇവരുടെ വ്യാമോഹമാണ്. മഹാരാജാസ് കോളേജിന്റെ ഭിത്തികളില്‍ സ്വന്തം കൈപ്പടയില്‍ അഭിമന്യു എഴുതിയ മുദ്രാവാക്യമായ വര്‍ഗ്ഗീയത തുലയട്ടെ എന്നത് കേരളം ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്ന് കോടിയേരി പറ‌ഞ്ഞു. അഭിമന്യുവിന്റെ ചോരത്തുള്ളികളില്‍ നിന്ന് ആയിരക്കണക്കിന് അഭിമന്യുമാര്‍ ഉദിച്ചുയരും. അഭിമന്യുവിന്റെ ചോരയ്ക്ക് കേരളം മാപ്പ് കൊടുക്കില്ലെന്നും കേരളം ഇതിനു പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ചാണ് മന്ത്രി മണി പ്രസംഗിച്ചത്. 

സംഭവത്തില്‍ കോണ്‍ഗ്രസിന്റെയോ ബിജെപി യുടെ നേതാക്കളാരും പ്രതികരിച്ചുകണ്ടില്ലെന്നും ഒരാളെയെങ്കിലും കൊന്നാല്‍ അത്രയുമായല്ലോ എന്ന ചിന്തയാണ് ഇവര്‍ക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമ്മേളനത്തിനുമുമ്പ് അഭിമന്യുവിന്റെയും കഞ്ചാവ് ലോബിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാശിനാഥന്റെ വീടും കൊടിയേരിയും സംഘവും സന്ദര്‍ശിച്ചു. പൊതുസമ്മേളനത്തിന് എസ്.രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എന്‍.മോഹനന്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ച്‌ദേവ്, വി.എന്‍.വിനീഷ് തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. സമ്മേളനത്തിനു ശേഷം അഭിമന്യുവിന്റെ വീട് തല്ലക്കല്ലിടുന്ന ചടങ്ങു കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.