തിരുവനന്തപുരം: രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ലെന്നും കോടിയേരി. രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണ് ബിജെപിയുടെ ഭരണമെന്നും ആര്‍സ്എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി പറഞ്ഞു. 

അതേസമയം, മുത്തലാഖ് ക്രിമിനല്‍ കറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവിലാണ് ബില്ല് പാസ്സാക്കിയത്. രാവിലെ ബില്ല് അവതരിപ്പിച്ച ശേഷം ഉച്ചയ്ക്ക് ശേഷം തന്നെ അപ്രതീക്ഷിത നടപടിയിലൂടെ ഇന്ന് തന്നെ ചര്‍ച്ചയ്‌ക്കെടുക്കുകയായിരുന്നു. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചിരുന്നു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. അസദുദ്ദീന്‍ ഒവൈസിയും എന്‍.കെ പ്രേമചന്ദ്രനും എ സമ്പത്തും അടക്കമുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്ല് പാസ്സാക്കിയത്.

മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന മുത്തലാഖ് വിവാഹമോചന രീതി ആഗസ്റ്റില്‍ സുപ്രീം കോടതി നിരോധിച്ചിരുന്നു. ആറ് മാസത്തിനകം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മൂന്ന് തലാഖും ഒറ്റയടിക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ തുടരുന്നതിനിടെയാണ് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.