തിരുവനന്തപുരം: അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമന്നാണ് ആഗ്രഹമെന്ന സുരേഷ്ഗോപി എംപിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബ്രാഹ്മണര്‍ ആയാല്‍ മാത്രമേ ബിജെപിയില്‍ നിന്നും എന്തെങ്കിലും ആനുകൂല്യം കിട്ടുകയുള്ളൂവെന്ന് കോടിയേരി പറഞ്ഞു.
 
ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കള്‍ ആണെന്ന് പറയുമ്പോഴും ഹിന്ദുക്കളായ പാവം കര്‍ഷകരെ ബിജെപി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുക്കയാണ്. ഇതുകൊണ്ടാണ് ഒരു എംപിക്ക് പോലും ബ്രാഹ്മണന്‍ ആകണമെന്ന് പറയേണ്ടിവന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് സംയുക്ത കര്‍ഷക യൂണിയന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഭഗവത്സേവയ്‌ക്കായി അടുത്തജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് യോഗക്ഷേമസഭ സംസ്ഥാന വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എം.പി. പറഞ്ഞിരുന്നു. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടെന്നും അടുത്ത ജന്മത്തിലെങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുള്ള ഭാഗ്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈശ്വരനെ പ്രാര്‍ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരിസമൂഹം കണ്‍കണ്ടദൈവമാണ്. മാംസവും ചോരയുമുള്ള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണസമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്‌ട്രീയദുഷ്‌ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്‌ട്രീയത്തിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.