തിരുവനന്തപുരം: നാടെങ്ങും പാ‍ര്‍ട്ടികോണ്‍ഗ്രസിന്റെയും സമ്മേളനങ്ങളുടേയും ആരവങ്ങളില്‍ മുങ്ങുമ്പോള്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം പ്രതിരോധത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മക്കള്‍ക്കെതിരായി ഉയര്‍ന്ന ഗുരുതര സാമ്പത്തിക ആരോപണങ്ങളാണ് കത്തി നില്‍ക്കേണ്ട സമയത്ത് കോടിയേരിയെ അപ്രസക്തനാക്കുന്നത് 

ജില്ലാ സമ്മേളനങ്ങള്‍ അവസാന ലാപ്പിലേക്കെത്തിയപ്പോഴായിരുന്നു വിവാദങ്ങളുടെ വരവ്. തീരാനുണ്ടായിരുന്നത് കണ്ണൂര്‍, തിരുവനന്തപുരം സമ്മേളനങ്ങള്‍ മാത്രം. ഇ.പി ജയരാജനും പി ജയരാജനുമൊക്കെ പലതലങ്ങളില്‍ ചര്‍ച്ചാ കേന്ദ്രമാകേണ്ടിയിരുന്ന കണ്ണൂര്‍ സമ്മേളന സമയത്ത് കൊണ്ടത് കോടിയേരിക്ക്. മക്കളുള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പാര്‍ട്ടി സെക്രട്ടറിയും ഒപ്പം പാര്‍ട്ടിയും പ്രതിരോധത്തിലായി. വിവാദത്തിന്റെ ഉറവിടം മാത്രമല്ല പാര്‍ട്ടിക്കകത്ത് അടക്കിപ്പിടിച്ച അസംതൃപ്തികളും പലപ്പോഴായി പുറത്തു വന്നു. സംസ്ഥാന സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ തൃശ്ശൂരില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ തീര്‍ത്തും ദുര്‍ബലനായിരുന്നു കോടിയേരി.

അവസാനം നടന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച യച്ചൂരിയുടെ നിലപാടുകളെ തോല്‍പ്പിച്ച് കേരളാ ഘടകം നില്‍ക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്. വരും ദിവസങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകളുയര്‍ന്നേക്കാം. കേന്ദ്ര കമ്മിറ്റിക്ക് മേല്‍ കൂടി അധീശത്വം ഉറപ്പിക്കേണ്ട സംസ്ഥാന സമ്മേളന കാലത്ത് കോടിയേരി തീര്‍ത്തും നിരായുധനാണ്. സമീപകാല ചരിത്രത്തിലൊന്നും ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയും അഭിമുഖീകരിക്കാത്ത അത്രയും വലിയ പ്രത്യയശാസ്‌ത്ര പ്രതിസന്ധിയില്‍.