തിരുവനന്തപുരം: ജനജാഗ്രതാ യാത്രയ്ക്കിടെ സ്വര്‍ണക്കടത്ത് പ്രതിയുടെ കാറില്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാറിന്റെ ഉടമ ആരാണെന്ന് നോക്കിയല്ല വണ്ടിയില്‍ കയറിയതെന്നും അത് പ്രാദേശിക നേതൃത്വം ഒരുക്കിയതാണെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. കൊടുവള്ളി പ്രാദേശിക നേതൃത്വമാണ് കാര്‍ ഒരുക്കിയത്. 

കെ. സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് കോടിയേരി ജനജാഗ്രത യാത്ര നടത്തിയതെന്നായിരുന്നു ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ ആരോപണം. അതേസമയം ഫൈസല്‍ കാരാട്ട് ഏതെങ്കിലും കേസില്‍ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.