50 ലക്ഷം വനിതകൾ മതിലിൽ അണിചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടവിട്ട് പുരുഷൻമാരുടെ സമാന്തര മതിലും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം: 50 ലക്ഷം വനിതകൾ മതിലിൽ അണിചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടവിട്ട് ഇടവിട്ട് പുരുഷൻമാരുടെ സമാന്തര മതിലും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവരുടെ സംഘടനകളാണ് മതിലിന് പിന്തുണ നൽകുന്നത്. അത് സർക്കാർ പറഞ്ഞിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. മതിലിനെ എതിർക്കുന്നവർ എല്ലാം യാഥാസ്ഥിതിക ശക്തികളാണ്. ഈ യാഥാസ്ഥിതിക ശക്തികളുടെ കൂടെയാണ് കോണ്‍ഗ്രസ് എന്നും കോടിയേരി പറഞ്ഞു. 

ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന നിലപാടെടുക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാവില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നിലപാട് അതല്ല. സിപിഎം വിചാരിച്ചാല്‍ എത്ര സ്ത്രീകളെ വേണമെങ്കിലും ശബരിമലയില്‍ കയറ്റാനാവുമെന്നും കോടിയേരി പറഞ്ഞു. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനും മുഖ്യമന്ത്രിയുടെയും വിമര്‍ശനം ഉണ്ടായി. ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല. സ്ത്രീകളെ എങ്ങനെയെങ്കിലും ശബരിമലയിൽ കയറ്റുക സർക്കാരിന്‍റെ അജണ്ടയല്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ നയം. പോകാൻ സ്ത്രീകൾ തയ്യാറായാൽ പൊലീസ് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, മകരവിളക്ക് കാലത്ത് സ്ത്രീകൾ വരരുതെന്ന് താൻ പറഞ്ഞിട്ടില്ല, തിരക്ക് കൂടി നിന്ന രണ്ട് ദിവസം യുവതികൾ വരരുതെന്നാണ് താൻ പറഞ്ഞതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പ്രതികരിച്ചു‍. തന്റെ വാക്കുകളെ ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണ്. മുഖ്യമന്ത്രി തന്നെ വിമർശിച്ചതായി കരുതുന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയിൽ എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.