തിരുവനന്തപുരം:മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയുമായോ താനുമായോ യാതൊരു ബന്ധവും ഇല്ലാത്ത ഇടപാടുകള്‍ക്ക് തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കോടിയേരി. 

വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്.... 

ബിനോയ് കേസില്‍ കുടുങ്ങി ഇന്ത്യയില്‍ ഒളിച്ചു താമസിക്കുകയാണെന്നും ഇന്‍റര്‍പോള്‍ വഴി അറസ്റ്റ് ചെയ്യാനുള്ള നീക്കമാരംഭിച്ചുവെന്നുമാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യാത്രവിലക്കുണ്ടെന്ന് നിങ്ങള്‍ പറയുന്ന ബിനോയ് ഇപ്പോള്‍ യു.എ.ഇയിലാണുള്ളത്. ബിനോയിയുടെ പേരില്‍ അവിടെയോ ഇവിടെയോ കേസില്ല. അവിടുത്ത കോടിതിയിലാണ് അവനെതിരെ കേസോ തര്‍ക്കമോ ഉള്ളതെങ്കില്‍ അതവിടെ തീര്‍ക്കുകയായിരുന്നു വേണ്ടത്. 

അവിടെ കേസോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അതവിടെ വച്ചു തീര്‍ക്കാമായിരുന്നു. ബിനോയ് യുഎഇയിലുണ്ടായിട്ടും എന്തിനാണ് അവനെ കാണാതെ അറബി ഇവിടെ വന്നു നില്‍ക്കുന്നന്തെന്ന് അറിയില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് അറിയാഞ്ഞിട്ടിലല്ല പക്ഷേ പാര്‍ട്ടി പദവിയിലിരുന്നു അത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് ഉചിതമല്ല എന്നതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല. ഇവിടെ ഞാന്‍ ഒരു ബിസിനസിലും പങ്കാളിയല്ല. അതിനാല്‍ തന്നെ ഞാന്‍ ഇതിനൊന്നും മറുപടി പറയേണ്ട കാര്യവുമില്ല.ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളൊന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ടുമല്ല അതിനാല്‍ പാര്‍ട്ടിക്കും അതില്‍ മറുപടി പറയേണ്ട ബാധ്യതയില്ല.