എന്തെങ്കിലും രാഷ്ട്രീയ പ്രശ്നമുണ്ടായാല്‍ എതിരാളികളുടെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അങ്ങോട്ട് ചെന്ന് ആക്രമിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

മലപ്പുറം: രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തെങ്കിലും രാഷ്ട്രീയ പ്രശ്നമുണ്ടായാല്‍ എതിരാളികളുടെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അങ്ങോട്ട് ചെന്ന് ആക്രമിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇങ്ങോട്ട് ആക്രമിച്ചാല്‍ കണക്ക് തീര്‍ത്ത് കൊടുത്ത് വിട്ടേക്ക്. അപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ട. കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നപോലെയാണിത്. മലപ്പുറം ചങ്ങരംകുളത്ത് സിപിഎം സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

എന്നാല്‍ പ്രസംഗം വിവാദമായതോടെ കോടിയേരി ഫേസ്ബുക്ക് വഴി പ്രതികരിച്ചു. "ആക്രമണത്തിന് ആഹ്വാനം ചെയ്ത് കോടിയേരി" - എന്ന് ചില വാർത്താ ചാനലുകളിൽ ഫ്ലാഷ് ന്യൂസ് പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല.

സിപിഐ എം പ്രവർത്തകർ സമാധാനത്തിന് മുൻകൈയ്യെടുക്കണമെന്നും ആക്രമണം പാർടിയുടെ രീതിയല്ലെന്നുമാണ് ഞാൻ നടത്തിയ പ്രസംഗത്തിന്റെ കാതൽ. ഒരു പ്രസംഗത്തിലെ ഏതെങ്കിലും വരി ഊരിയെടുത്ത് പൊതുവിലുള്ള അർത്ഥത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന രീതി ശരിയല്ലെന്ന് കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.