Asianet News MalayalamAsianet News Malayalam

പുല്‍വാമ ആക്രമണം; പിന്നില്‍ ബിജെപി സര്‍ക്കാരിന്‍റെ തലതിരിഞ്ഞ നയമെന്ന് കോടിയേരി

ബിജെപി അധികാരത്തിൽ തുടരുന്നിടത്തോളം കാലം ജനാധിപത്യം അപകടത്തിൽ ആയിരിക്കുമെന്നും ഹിന്ദു എന്ന വികാരം ഇളക്കി വിട്ടു കോർപറേറ്റ് ഭരണം നടത്തുകയാണ് മോദി സര്‍ക്കാരെന്നും കോടിയേരി 

kodiyeri balakrishnan slams bjp on pulwama attack
Author
Thiruvananthapuram, First Published Feb 15, 2019, 12:05 PM IST

തിരുവനന്തപുരം: ബിജെപി സർക്കാരിന്റെ തലതിരിഞ്ഞ നയമാണ് ആക്രമണങ്ങൾക്ക് കാരണമാകുന്നതെന്ന് പുല്‍വാമ ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചർച്ച നടത്താൻ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടും അതിനു കേന്ദ്രം തയാറായില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാറാണിത്. ബിജെപി അധികാരത്തിൽ തുടരുന്നിടത്തോളം കാലം ജനാധിപത്യം അപകടത്തിൽ ആയിരിക്കുമെന്നും ഹിന്ദു എന്ന വികാരം ഇളക്കി വിട്ടു കോർപറേറ്റ് ഭരണം നടത്തുകയാണ് മോദി സര്‍ക്കാരെന്നും കോടിയേരി കുറ്റപ്പെടുത്തി. 

സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തിൽ 39 ജവാന്മാരാണ് മരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജവാന്മ‍ാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു.

പരിശീലനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സൈന്യത്തിനെതിരെ നടത്തിയ തീവ്രവാദി ആക്രമണം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തീവ്രവാദികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു. 2016 ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് സമാനമായ ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. 

കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ജവാന്‍മാരുടെ കുടുംബത്തിനൊപ്പമെന്ന് പറ‍ഞ്ഞ പ്രിയങ്ക രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന് വ്യക്തമാക്കി. പ്രിയങ്ക ലക്നൗവിൽ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം ആക്രമണത്തെ തുടര്‍ന്ന് ഒഴിവാക്കി. അതേ സമയം രാജ്യസുരക്ഷയുടെ കാര്യത്തിൽ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വിമര്‍ശിച്ചു.

Follow Us:
Download App:
  • android
  • ios