കൊച്ചി: സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചൈനയുടെ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് പ്രതീക്ഷ പകരുന്നതാണ്. ചൈന ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയാണെന്നും നിലനിൽപ്പിന് വേണ്ടിയാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ ചെയ്തികളെന്നും കോടിയേരി പറഞ്ഞു. എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ തുടർഭരണമുണ്ടാകും. ഇടതു മുന്നണിയുടെ അടിത്തറ വിപുലീകരിക്കുമെന്നും മാണിയും, വീരേന്ദ്രകുമാറും യുഡിഎഫ് വിട്ടത് എൽ ഡി എഫ് നയങ്ങൾക്കുള്ള അംഗീകാരമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയത്തിൽ മാറ്റം വരുന്നതിന്റെ സൂചനകളാണിത്, വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ കാര്യത്തിലുള്ള തീരുമാനം എൽ ഡി എഫ് കൂട്ടായി എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. യു ഡി എഫിൽ ഇപ്പോൾ ഉള്ളത് കോൺഗ്രസും ലീഗും മാത്രമാണ് ഇങ്ങനെ യുഡിഎഫിൽ തുടരണോയെന്ന് മറ്റ് പാർട്ടികളും ആലോചിക്കണമെന്നും സാമ്രാജ്യത്വപക്ഷപാതമുള്ളവരാണ് സിപിഎമ്മിനെതിരെ കുപ്രചാരണം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.