കോഴിക്കോട്: പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരെ മടക്കിക്കൊണ്ടുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒഞ്ചിയത്ത് സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ ആഹ്വാനം. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷാണ് പുതിയ ഒഞ്ചിയം ഏരിയാ സെക്രട്ടറി.
ടിപി ചന്ദ്രശേഖരന്‍ വധം വഴി ആരോപണങ്ങളുടെ കുന്തമുനകള്‍ നീണ്ട ഒഞ്ചിയത്ത് പാര്‍ട്ടി നേതൃത്വത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു ഏരിയാ സമ്മേളനം നടന്നത്. സിപിഎം വിട്ട് ആര്‍എംപിയിലേക്ക് പോയവരെ മടക്കിക്കൊണ്ടുവരാന്‍ താഴെ തട്ടില്‍ പല ശ്രമങ്ങളും നടന്നിരുന്നു.
മടങ്ങിയെത്തുന്നവര്‍ക്ക് ഏരിയാ സമ്മേളനത്തില്‍ സ്വീകരണം നല്‍കുമെന്ന് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഈ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടിവിട്ടവരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന കോടിയേരിയുടെ ആഹ്വാനം.
ഇ.എം ദയനാനന്ദന്‍ മാറുന്ന ഒഴിവില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് പി.ശ്രീധരനോ പി.രാജനോ വരാനായിരുന്നു സാധ്യത. എന്നാല്‍ മല്‍സരം ഒഴിവാക്കാനായി എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു.
