ഇടുക്കി: ഇടുക്കിയിലെ കർഷക ആത്മഹത്യ സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ട നടപടികള്‍ സ്വീകരിക്കും. മൊറട്ടോറിയം പ്രഖ്യാപനത്തിനിടെയും ജപ്തി നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയുണ്ടാവും. അവർക്ക് നോട്ടീസ് അയക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

ഇടുക്കി ജില്ലയിൽ ഒരാള്‍ കൂടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രസംഗം. അടിമാലി  ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന സുരേന്ദ്രൻ ഇന്നു പുലർച്ചെയാണ് മരിച്ചത്.

കാ‌‌‌ർഷിക ​ഗ്രാമ വികസന ബാങ്കിൽ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രൻ വായ്പ എടുത്തിരുന്നു. ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ്  സുരേന്ദ്രൻ വായപയെടുത്തത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്‍റെ മനോവിഷമത്തിലാണ് സുരേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ ക‌‌ർഷകനാണ് സുരേന്ദ്രൻ.