എറണാകുളം: കോലഞ്ചേരിയില്‍ റോഡരികില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്ക് ഷോപ്പ് ഉടമയും പാലക്കാട് സ്വദേശിയുമായ മുജീബ് റഹ്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡരികില്‍ കിടന്ന യുവാവിന്റെ മുഖത്ത് വെള്ളം തളിച്ചതുമായി ബന്ധപ്പെട്ട വാത്തു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി
രണ്ട് ദിവസം മുമ്പായിരുന്നു കോലഞ്ചേരി പുതുപ്പനത്തെ വര്‍ക്ക്ഷോപ്പിന് സമീപം കിഷോര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് ബസ് പാര്‍ക്ക് ചെയ്യാനെത്തിയ തൊഴിലാളികളാണ് കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പുത്തന്‍ കുരിശ് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് അടിപ്പരണ്ട സ്വദേശിയും വര്‍ക് ഷോപ്പ് ഉടമയുമായി മുജീബ് റഹമാന്‍ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച രാത്രി കിഷോര്‍ മദ്യപിച്ച് മുജീബിന്റെ വര്‍ക്ക് ഷോപ്പിനടുത്തുള്ള റോഡില്‍ കിടക്കുകയായിരുന്നു. ഇതുവഴിവന്ന പച്ചക്കറിക്കടക്കാരന്‍ കിഷോറിനെ റോഡില്‍നിന്നും തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റിക്കിടത്തി. ഈസമയം വര്‍ഷോപ്പിലെ ജോലി കഴിഞ്ഞ കുളിക്കാനെത്തിയ മുജീബ് കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെള്ളം കിഷോറിന്റെ മുഖത്ത് തെറിച്ചു. ഇതേ തുടര്‍ന്ന് കിഷേോറും മുജീബും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ മണ്‍വെട്ടികൊണ്ട് മുജീബ് കിഷോറിന്റെ തലയ്‌ക്കടിച്ചു. തലയോട് പൊട്ടി രക്തം വാര്‍ന്നു കിടന്ന കിഷോറിനെ ശ്രദ്ധിക്കാതെ മുജീബ് പോയി. ഇതിനിടയിലാണ് മരണം സംഭവവിച്ചത്. കൊലയ്‌ക്കുപയോഗിച്ച മണ്‍വെട്ടി പോലീസ് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
