ഉച്ചയോടെ പ്രദേശത്തെ കാട് കയറിയ സ്ഥലം വൃത്തിയാക്കാനെത്തിയവര്‍ പതിന്നാല് പ്ലാസ്റ്റിക്ക് കൂടുകളില്‍ നവജാതശിശുക്കളുടെ മദൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്ന് സംശയം പ്രകടിപ്പിച്ചു.ഇതോടെ പ്രദേശത്തേക്ക് നൂറ്കണക്കിന് ആളുകള്‍ തടിച്ച് കൂടി.

കൊല്‍ക്കത്ത: ആളൊഴിഞ്ഞ പ്രദേശത്ത് പതിന്നാല് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി. പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി. ആശുപത്രിയിലെ രാസപദാര്‍ത്ഥങ്ങളാണ് ബാഗിനുള്ളില്ലെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു

നാടകീയ സംഭവങ്ങളാണ് കിഴക്കന്‍ കൊല്‍ക്കത്തയിലെ ഹരീദേപൂരില്‍ അരങ്ങേറിയത്.ഉച്ചയോടെ പ്രദേശത്തെ കാട് കയറിയ സ്ഥലം വൃത്തിയാക്കാനെത്തിയവര്‍ പതിന്നാല് പ്ലാസ്റ്റിക്ക് കൂടുകളില്‍ നവജാതശിശുക്കളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്ന് സംശയം പ്രകടിപ്പിച്ചു.ഇതോടെ പ്രദേശത്തേക്ക് നൂറ്കണക്കിന് ആളുകള്‍ തടിച്ച് കൂടി.

സംഭവ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയ പൊലീസ് പ്ലാസ്റ്റിക്ക് കൂടുകള്‍ക്ക് ഉള്ളില്‍ നവജാത ശിശുക്കളുടെ മൃതദേഹം തന്നെയാണെന്നും പ്രതികരിച്ചതോടെ ആശങ്ക വര്‍ധിച്ചു..ഗര്‍ഭഛിദ്രം നടത്തുന്ന റാക്കറ്റുകളിലാണ് സംശയം എന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ കൊല്‍ക്കത്തയില സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയെന്ന് പ്രദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു.

തൊട്ട് പിന്നാലെ പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലത്ത് എത്തി വിദഗ്ദ്ധ പരിശോധന നടത്തി. തുടര്‍ന്ന് വാര്‍ത്ത സമ്മേളനം നടത്തിയ പൊലീസ് എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കൂടിനുള്ളില്‍ കണ്ടത് ആശുപത്രിയിലെ രാസമാലിന്യമാണെന്നും തിരുത്തി. ഗര്‍ഭഛിദ്രം നടത്തി മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതാകാമെന്ന സംശയത്തില്‍ ചില നഴ്സിങ്ങ് ഹോമുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കം ആയിരുന്നു മുന്‍നിലപാട് തിരുത്തി പൊലീസ് രംഗത്തെത്തിയത്.