കൊല്‍ക്കത്ത: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയേയും കാമുകനെയും കോടതി റിമാന്‍റ് ചെയ്തു. ബംഗാളിലെ കൊല്‍ക്കത്തയ്ക്ക് സമീപം ബാരാസാത്ത് മുന്‍സിപാലിറ്റിയിലാണ് സംഭവം. അനുപംസിന്‍ഹയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മനുവ മജൂദാര്‍ എന്ന 28 കാരിയെയും കാമുകനും ഒന്നാംപ്രതിയുമായ അജിത് റോയി എന്ന 26കാരനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജറാക്കിയത്. കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് സ്വദേശി അനുപമിന്‍റെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് മനുവയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. 

ബാരാസാത് മുനിസിപ്പാലിറ്റിയിലെ താത്കാലിക ജീവനക്കാരിയായ മനുവയും അജിത്തും കോളേജ് കാലംമുതല്‍ പരിചയക്കാരായിരുന്നു. ട്രാവല്‍ ഏജന്‍സിയിലെ മാനേജറായിരുന്ന അനുപവുമായി ഒരു വര്‍ഷം മുമ്പാണ് മനുവയുടെ വിവാഹം നടന്നത്. ഈ കഴിഞ്ഞ മെയ് 3നായിരുന്നു അരുംകൊല നടന്നത്. അനുപമിന്‍റെ വസതിയില്‍ വെച്ചുതന്നെയായിരുന്നു അജിത് കൊല നടത്തിയത്. 

ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഞെരമ്പുകള്‍ മുറിച്ച് കൊന്നു. മരണവെപ്രാളം ഫോണിലൂടെ മനുവയെ കേള്‍പ്പിക്കാനും അയാള്‍ മറന്നില്ല.
അപാര്‍ട്ട്‌മെന്‍റെ കഴുകിവൃത്തിയാക്കിയ ശേഷം ഗംഗാനദിയില്‍ കുളിച്ച അജിത്, ചോരപുരണ്ട വസ്ത്രങ്ങളും അനുപമിന്റെ മൊബൈല്‍ഫോണും ഒഴുക്കിക്കളഞ്ഞു.

മൃതദേഹത്തിന് സമീപം സ്വര്‍ണമോതിരം കണ്ടതാണ് പോലീസില്‍ സംശയം ഉണര്‍ത്തിയത്. ഒരു പ്രൊഫഷണല്‍ ക്രിമിനലെ വിലയുള്ള ആഭരണം അവിടെ ഉപേക്ഷിച്ചിട്ടു പോകുകയുള്ളൂ എന്ന നിഗമനത്തില്‍ അവരെത്തി. ആദ്യ വിവാഹവാര്‍ഷികത്തിന് മനുവ അനുപമിന് വാങ്ങിക്കൊടുത്ത മോതിരമായിരുന്നു അത്. ആ മോതിരം അനുപമിന്‍റെ വിരലില്‍ കിടക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ അജിത് പ്രതികരിച്ചിരുന്നു.