2016 ജൂണ്‍ 15 നായിരുന്നു കൊല്ലം കളക്ട്രേറ്റിന് സമീപം സ്‌ഫോടനമുണ്ടായത്. നവംബര്‍ ഒന്നിന് മലപ്പുറം കളക്ട്രേറ്റിലും ഇത് ആവര്‍ത്തിച്ചു. ഇതിന് ശേഷം എണറാകുളത്തേയും തൃശൂരിലേയും ചില സ്ഥലങ്ങള്‍ ഇപ്പോള്‍ പിടിയിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നു. മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ സ്ഥലങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഗൂഗിള്‍ മാപ്പുപോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു. ഇതിനായി സിംകാര്‍ഡ് ഉള്‍പ്പടെയുള്ളവ ഇവര്‍ വാങ്ങിയിരുന്നു.
കൊല്ലത്ത് കള്‌ക്ട്രേറ്റിന് സമീപം ഉപയോഗ ശൂന്യമായിക്കിടക്കുന്ന ജീപ്പിനടിയില്‍ താനാണ് ബോബ് വച്ചതെന്ന് കരീം രാജ സമ്മതിച്ചു. നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്തതാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. മധുരയില്‍ നിന്നും തെങ്കാശി ബസില്‍ കൊല്ലം സ്റ്റാന്‍ഡിലെത്തി. അവിടെ നിന്നും ഓട്ടോയില്‍ കൃത്യം 10 മണിക്ക് കളക്ട്രേറ്റിലെത്തി. ബാഗിലുണ്ടായിരുന്ന ബോംബ് ഉള്‍പ്പെട്ട ചോറ്റുപാത്രത്തിലെ വയറുകള്‍ കളക്ട്രേറ്റിലെത്തിയ ശേഷമാണ് യോജിപ്പിച്ചത്.
വാഹനത്തിനടയില്‍ ബോംബ് സ്ഥാപിച്ച ശേഷം ഉടന്‍ തന്നെ മടങ്ങി. കളക്ട്രേറ്റിന് സമീപം നിന്നാണ് ഓട്ടോ പിടിച്ച് തിരികെ ബസ് സ്റ്റാന്‍ഡിലെത്തി മടങ്ങിയത്. പിറ്റേ ദിവസം പത്രത്തിലൂടെയാണ് സ്‌ഫോടനം നടന്നെന്ന വിവരം അറിഞ്ഞത്. ബോംബ് വയ്ക്കുന്നതിന് ഒരാഴ്ച മുന്‍പ് ഇവിടെയത്തി കളക്ട്രേറ്റിലെ ദൃശ്യങ്ങള്‍ കരീം രാജ പകര്‍ത്തിയിരുന്നു. പ്രതികളുടെ തെളിവെടുപ്പ് തുടരുകയാണ്.
