കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന് പിന്നിലുള്ളത് ഒരു കോടതി വിധിയാണ്.
കൊല്ലം: കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ ഒരു കോടതി വിധിയാണ്. പതിറ്റാണ്ടുകളോളം മുടങ്ങിക്കിടന്ന ബൈപ്പാസിന്‍റെ നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 1993ല്‍ കോടതിയിലെത്തിയത് പൊതു പ്രവര്‍ത്തകനായ എം കെ സലീമാണ്. 1972 ലാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1993 ല്‍ ആരംഭിച്ച രണ്ടാംഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്ഥലത്തിന്‍റെ നഷ്ടപരിഹാരത്തിലുടക്കി നിന്നു. ഈ സമയത്താണ് എം കെ സലീം ഹൈക്കോടതിയിലെത്തുന്നത്. ആറ് മാസത്തിനകം ബൈപ്പാസിന്‍റെ പണി പുനരാരംഭിക്കണമെന്ന ഹൈക്കോടതിയുടെ 2012 നവംബറില്‍ വന്ന വിധിയാണ് ബൈപ്പാസിന്‍റെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായത്.
153 കോടിയായിരുന്നു മൂന്നാം ഘട്ടത്തിന് വേണ്ടിയിരുന്ന ചെലവ്. ഇപ്പോള്‍ ബൈപ്പാസ് പൂര്‍ത്തിയായപ്പോള്‍ ചെലവ് 278 കോടിയായി. ഉദ്ഘാടനത്തിന് മുന്നോടിയായി യുദ്ധകാല അടിസ്ഥാനത്തിലാണ് പണികള്‍ പൂര്‍ത്തിയാക്കിയത്. തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും സ്ഥാപിച്ചു. റോഡില്‍ മാര്‍ക്കിടലും പൂര്‍ത്തിയായി.ദേശീയപാതയില്‍ നിന്നും ബൈപ്പാസിലേക്ക് തിരിയുന്ന ആല്‍ത്തുറമൂട് ഗതാഗത ക്രമീകരണ സംവിധാനങ്ങളും ഏകീകരിച്ചു. ആശ്രാമം മൈതാനത്ത് വച്ചായിരിക്കും പ്രധാനമന്ത്രി ബൈപ്പാസ് നാടിന് സമര്‍പ്പിക്കുക. പ്രധാന സ്ഥലങ്ങളിലെല്ലാം ടിവി സ്ക്രീനിലൂടെ ഉദ്ഘാടനം തല്‍സമയം കാണിക്കും.വൈകിട്ട് അഞ്ചേകാലിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത് .
