ഡിസംബറോ‍ട് കൂടി മാത്രമേ നിർമ്മാണം പൂര്‍ത്തിയാവൂ എന്നാണ് വിലയിരുത്തുന്നത്. 

കൊല്ലം: ജില്ലയിലെ ജനങ്ങളുടെ സ്വപ്നപദ്ധതിയായ കൊല്ലം ബൈപാസ്സിന്‍റെ ഉദ്ഘാടനം ഓണത്തിന് ഉണ്ടാകില്ല. പ്രതികൂല കാലാവസ്ഥയും നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യവും കാരണമാണ് ഉദ്ഘാടനം വൈകുന്നത്. 

കൊല്ലം ജില്ലയ്ക്കുള്ള ഓണസമ്മാനമായി ബൈപാസ്സ് ഉദ്ഘാടനം നടത്തുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാഗ്ദാനം. കഴിഞ്ഞ ദിവസം ഉപരിതലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രനും നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോഴാണ് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥര്‍ കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്.

പലതവണ നീട്ടിവച്ച ഉദ്ഘാടനം വീണ്ടും നീട്ടുന്നതിലുള്ള ആശങ്ക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കമ്പനിയെ അറിയിച്ചു. എന്നാല്‍ ടാറിങ്ങിന് ആവശ്യമായ നിർമ്മാണ സാമാഗ്രഹികള്‍ കിട്ടാത്തത് കാരണമാണ് പണി ഉദ്ദേശിച്ച പോലെ മുന്നോട്ട് പോകാതിരുന്നതെന്ന് കരാര്‍ കമ്പനി വിശദീകരിക്കുന്നു.

ഡിസംബറോ‍ട് കൂടി മാത്രമേ നിർമ്മാണ പൂർത്തിയാകൂ. കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ബൈപാസ് നിർമ്മാണം വൈകുന്നതില്‍ അതൃപതി അറിയിച്ചു. ടാറിങ്ങിന് ആവശ്യമായ സാമഗ്രികള്‍ തമിഴ്നാട്ടില്‍ നിന്ന് കൊല്ലം കളക്ടർ വഴി നേരിട്ട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.