ജില്ലയിലെ പ്രളയക്കെടുതികളില്‍ 4,000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കൊട്ടാരക്കര: കല്ലട, ഇത്തിക്കര, പള്ളിക്കല്‍ ആറുകള്‍ കരകവിഞ്ഞതോടെ ജില്ലയിലെ ജനജീവിതം പ്രതിസന്ധിയിലായി. ജില്ലയിലെ പ്രളയക്കെടുതികളില്‍ 4,000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊല്ലം - തുരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുളള ഗതാഗതം സര്‍ക്കാര്‍ നിരോധിച്ചു. കൊല്ലത്ത് നിന്നുളള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ അഞ്ചടി ഉയര്‍ത്തി. ഇന്നലെ രാവിലെ അണക്കെട്ടിലെ ജലനിരപ്പ് ചെറിയതോതില്‍ കുറഞ്ഞെങ്കിലും വൈകിട്ട് ജലനിരപ്പ് 385.82 അടിയായതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 15 സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്തി അഞ്ചടിയിലെത്തിച്ചു. കൊല്ലം ജില്ലയില്‍ രാത്രി വൈകിയും മഴ ശക്തമായി തുടരുകയാണ്.

തെന്മല പതിമൂന്ന് കണ്ണറ പാലത്തിന് സമീപം റെയില്‍പാതയില്‍ മണ്ണ് ഇടിഞ്ഞ് വീണത് നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ തുടര്‍ന്ന് വരുന്നു. എംസി റോഡില്‍ മേഴ്സി ഹോസ്പിറ്റലിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആയൂര്‍, അകമണ്‍, വാളകം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായി.

പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ ഇന്നലെ ശക്തമായ കാറ്റും മഴയുമുണ്ടായി. കൊട്ടാരക്കരയുടെ നഗര- ഗ്രാമീണ മേഖലകളില്‍ രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്.